abha-airport

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സൗദി സഖ്യസേന അറിയിച്ചു. സിറിയൻ വംശജനായ ഒരാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഏഴോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മൽക്കി വ്യക്തമാക്കി. ഞായറാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വിമാനത്താവളത്തിന് നേരെ ആക്രമണം തുടങ്ങിയത്. സൗദി വംശജരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അൽ മൽക്കി ആരോപിച്ചു.

അതേസമയം, യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി അറേബ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് അബഹ വിമാനം ആക്രമിച്ചതെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു. അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങൾക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂതികളുടെ അൽമസൈറാ ടിവി അവകാശപ്പെട്ടു. അബഹ വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ ഒരു ഡ്രോൺ ആക്രമണമുണ്ടായതായി സൗദിയിലെ ടെലിവിഷനുകളും റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ ക്രൂസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വംശജ അടക്കം 26 പേർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഹൂതികളുടെ അടുത്ത ആക്രമണവുമുണ്ടായിരിക്കുന്നത്.