sajan

കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബാംഗങ്ങൾ ആന്തൂർ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒരു ദിവസം ശ്യാമളയെ പോയിക്കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാജന്റെ ഭാര്യ ബീന. 'അനുമതി തന്നാലും ഇല്ലെങ്കിലും ഒരു ദിവസം അവരെപ്പോയി കാണും, ഒന്നും ചോദിക്കാനല്ല,ഒന്നു കാണാൻ' എന്ന് ബീന നൈജീരിയയിലെ സുഹൃത്തുക്കളായ ശ്രീകുമാർ നായരോടും ഭാര്യയോടും നിറകണ്ണുകളോടെ പറഞ്ഞു.

അനുമതിക്കായി ഒരു സ്ത്രീയെന്ന നിലയിൽ ശ്യാമളയെ പോയി കണ്ടാലും കാര്യമില്ലെന്ന് സാജൻ പറഞ്ഞിരുന്നുവെന്നും അതിനാൽ പോയില്ലെന്നും ബീന വ്യക്തമാക്കി. 'പാലു കാച്ചൽ മാത്രമാണ് നടത്തിയത്, അതിൽ കുറച്ചുപേരെ പങ്കെടുത്തിരുന്നുള്ളു. ബന്ധുക്കളാരും കൺവെൻഷൻ സെന്റർ കണ്ടിട്ടില്ല. അടുത്തമാസം നടക്കാനിരുന്ന മാമന്റെ മകളുടെ വിവാഹം അവിടെവച്ച് നടത്താനായിരുന്നു സാജന്റെ ആഗ്രഹം. എന്നാൽ അപ്പോഴേക്ക് നഗരസഭയുടെ അനുമതി ലഭിക്കുമോയെന്ന കാര്യത്തിൽ സാജന് ആശങ്കകളുണ്ടായിരുന്നു.'-ബീന പറഞ്ഞു.


'സംരഭകരെ പ്രോത്സാഹിപ്പിക്കുന്ന നാടാണ് നൈജീരിയ. ഈ കൺവെൻഷൻ സെന്റർ നൈജീരിയയിലാണ് തുടങ്ങിയതെങ്കിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരി സാജന്റെ വീട്ടിലെത്തി അഭിനന്ദിക്കുമായിരുന്നു. അതേസമയം സാജന് താൻ കഷ്ടപ്പെട്ട് അധ്വാനിച്ച പണം സ്വന്തം നാട്ടിൽ ചെലവഴിക്കാനായിരുന്നു ആഗ്രഹം. നൈജീരിയയിലും കൈക്കൂലി ഉണ്ട്. എന്നാൽ കൈക്കൂലി കൊടുത്താൽ അവർ അനുമതി വൈകിപ്പില്ല'- ശ്രീകുമാർ നായർ പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സാജനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകുമാർ നായർ