niyamasabha

തിരുവനന്തപുരം: തന്റെ വ്യവസായ സംരംഭത്തിന് അനുമതി നൽകാത്തതിൽ മനംനൊന്ത് കണ്ണൂർ ആന്തൂരിൽ പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്‌പോര്. സാജന്റെ മരണം ദുഖകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ ആരോപണ വിധേയയായ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. ശ്യാമളയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും 24 മണിക്കൂറിനകം സാജന്റെ സംരംഭത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല.

ആന്തൂരിൽ ആത്മഹത്യ ചെയ്‌ത സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചുവെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പേരിലും സഭയിൽ വാക്കേറ്റമുണ്ടായി. ജയരാജനെ ഉപയോഗിച്ച് സി.പി.എമ്മിനെ വിമർശിക്കേണ്ടെന്നും ഇത്തരം ശ്രമങ്ങൾ മുമ്പുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം ബിംബങ്ങളെ ഉപയോഗിച്ച് സി.പി.എമ്മിനെതിരെ നടത്തുന്ന പ്രചാരണം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. എന്നാൽ മുഖ്യമന്ത്രി തന്നെ സ്വയം ബിംബമായി മാറിയെന്ന് തിരിച്ചടിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെ നേരിട്ടത്. പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സാങ്കേതിക വിദഗ്ദ്ധരുടെ നിർദേശപ്രകാരം മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. അന്വേഷണം നടക്കുന്നതിനാൽ എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും പിണറായി വ്യക്തമാക്കി.

അതേസമയം, പി.ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും മരണമായിരിക്കും ഫലമെന്ന് ആഞ്ഞടിച്ചായിരുന്നു കെ.എം.ഷാജി എം.എൽ.എയുടെ പ്രസംഗം. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് പറഞ്ഞാണ് പിണറായി സർക്കാർ ഭരണം തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഫയലുകളെല്ലാം പൊലീസ് സ്‌റ്റേഷനുകളിൽ എത്തിയെന്നും ഷാജി പരിഹസിച്ചു.