vr-lakshmi-narayanan

തിരുവനന്തപുരം: അപൂർവങ്ങളിൽ അപൂർവമായ ചരിത്രം രചിച്ച സഹദോരങ്ങളിൽ രണ്ടാമനായിരുന്നു മുൻ തമിഴ്നാട് ഡി.ജി.പിയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ സഹോദരനുമായ വി.ആർ ലക്ഷ്മി നാരായണനെന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പങ്കുവച്ചത്.

"ഇന്ദിരാഗാന്ധിയെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കാൻ കാരണമായി ഏട്ടൻ. അടിയന്തരവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്ത് അനിയൻ. അപൂർവങ്ങളിൽ അപൂർവമായ ചരിത്രം രചിച്ച സഹദോരങ്ങളിൽ രണ്ടാമനും വിടവാങ്ങി"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സി.ബി.ഐ ജോയിന്റ് ഡയറക്ടറായിരിക്കെ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയേയും തമിഴ്നാട് ഡി.ഐ.ജി ആയിരുന്ന കാലത്ത് ഡി.എം.കെ നേതാവ് കരുണാനിധിയേയും ലക്ഷ്മി നാരായണൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1977ലാണ് ഇന്ദിരയെ അറസ്റ്റ് ചെയ്യാൻ ലക്ഷ്മി നിയോഗിക്കപ്പെട്ടത്. 1980 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തിയതോടെ സി.ബി.ഐ ഡയറക്ടറാകേണ്ടിയിരുന്ന അദ്ദേഹത്തെ സ്വന്തം കേഡറായ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന്, 1985ൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ദിരാഗാന്ധിയെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കാൻ കാരണമായി ഏട്ടൻ. അടിയന്തരവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്ത് അനിയൻ

അപൂർവങ്ങളിൽ അപൂർവമായ ചരിത്രം രചിച്ച സഹദോരങ്ങളിൽ രണ്ടാമനും വിടവാങ്ങി.

തമിഴ്‌നാട് മുന്‍ ഡിജിപിയും സിബിഐ മുൻ ജോയിന്റ് ഡയറക്ടറും അന്തരിച്ച മുൻ ജസ്റ്റീസ് വി.ആർ കൃഷ്ണായ്യരുടെ സഹോദരനുമായ വി.ആർ ലക്ഷ്മിനാരായണൻ(91) നാണ് ഇന്ന് അന്തരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു അന്ത്യം.

കഥ ഇങ്ങനെ..,

1977ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാർജി ദേശായി സർക്കാരിന്റെ നിർദേശപ്രകാരം ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് വി.ആർ ലക്ഷ്മിനാരായണൻ ആയിരുന്നു. 1951 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ ഇങ്ങനെ " ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ അവരുടെ വസതിയിലേക്ക് നീങ്ങുന്നതിനിടെ രാജീവ് ഗാന്ധിയെ ബന്ധപ്പെടുകയും അമ്മയോട് കീഴടങ്ങാൻ പറയണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നെഹ്രുവിന്റെ മകളും, മുൻ പ്രധാനമന്ത്രിയും അതിലുപരി ആരാധ്യയുമായ ഇന്ദിരാഗാന്ധിയെ പോലൊരാളെ പോലീസിന്റെ കർക്കശമായ കരുത്തോടെ അറസ്റ്റ് ചെയ്യാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു"

വസതിയിൽ എത്തി അൽപ സമയത്തിനകം പുറത്തിറങ്ങി വന്ന് ഇന്ദിരാഗാന്ധി ചോദിച്ചു, "എവിടെ കൈവിലങ്ങുകൾ? അതിനു മറുപടിയായി ലക്ഷ്മിനാരായണൻ പറഞ്ഞു..

"താങ്കളുടെ കീഴിൽ വിശ്വസ്തതയോടും, കൃത്യമായും ഞാൻ ജോലി ചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള രണ്ട് മെഡലുകളും താങ്കളുടെ കയ്യിൽനിന്നും മേടിക്കാനും സാധിച്ചിട്ടുണ്ട്" എങ്കിലും മടിയനായാ ഞാൻ കൈവിലങ്ങുകൾ എടുക്കാൻ മറന്നു പോയി"

അത്രയും സരസമായിട്ടായിരുന്നു അദ്ദേഹം ഇന്ദിരഗാന്ധിക്ക് മറുപടി നൽകിയത്.

അടിയന്തരവസ്ഥയ്ക്ക് ശേഷം ലക്ഷ്മി നാരായണനെ സിബിഐ ഡയറക്ടറാക്കാൻ ഇന്ദിരാഗാന്ധി ആഗ്രഹിച്ചിരുന്നു. എന്നാൽ തമിഴ്നാട് മുൻമുഖ്യമന്ത്രി എംജിആർ അദേഹത്തെ തമിഴ്‌നാട്ടിലേക്ക് ഡിജിപിയായി തിരികെ കൊണ്ടുവരികയായിരുന്നു.

ലക്ഷ്മി നാരായണന്റെ സഹോദരൻ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അടിയന്തരവസ്ഥയ്ക്ക് കാരണക്കാരണയത് ഇങ്ങനെ..

ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരയ്ക്ക് മേൽ രണ്ട് കുറ്റങ്ങൾ ചുമത്തുന്നു. ഒന്ന് യശ്പാൽ കപൂർ എന്ന സർക്കാർ ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നതായിരുന്നു. മറ്റൊന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നിയോഗിച്ചു എന്നതായിരുന്നു. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, എക്സിക്യുട്ടീവ് എൻജിനീയർ, പോലീസ് സൂപ്രണ്ട് ഇവരൊക്കെ ഇന്ദിരാഗാന്ധിക്ക് വേണ്ടി ദുർവിനിയോഗം ചെയ്യപ്പെട്ടു എന്നതായിരുന്നു ആരോപണം. ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ എന്ന ന്യായാധിപന്റെ മുന്നിലെത്തിയ ഈ വ്യവഹാര വിധി ഏറ്റുവാങ്ങിയത് 1975 ജൂൺ 12-നാണ്.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന ആരോപണം അംഗീകരിച്ച സിൻഹ ഇന്ദിരയുടെ പാർലമെന്റ് അംഗത്വം അസാധുവാക്കി. മാത്രവുമല്ല ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ ഹർജി പരിഗണിച്ച കോടതിവിധി നടപ്പാക്കുന്നതിന് ഇരുപത് ദിവസത്തെ സ്റ്റേ ഏർപ്പെടുത്തി. ജൂൺ 20-ന് ഹൈക്കോടതി വിധി സ്ഥിരമായി സ്റ്റേ ചെയ്യുന്നതിന് ഇന്ദിര സുപ്രീംകോടതിയെ സമീപിച്ചു.

ജൂൺ 24-ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഭാഗികമായ സ്റ്റേ അനുവദിച്ചു. എന്നാൽ ലോക്‌സഭാ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനോ, എം.പി.യെന്ന നിലയിലുള്ള ശമ്പളം കൈപ്പറ്റാനോ പാടില്ല എന്ന് ഉത്തരവിട്ടു. എന്നാൽ പ്രധാനമന്ത്രിയായി തുടരുന്നതിന് അനുമതി നൽകി. സർക്കാരിനെതിരേ പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധം അഴിച്ചുവിടുമെന്ന് മനസ്സിലാക്കിയ ഇന്ദിരാഗാന്ധി 1975 ജൂൺ 25-ന് അർധരാത്രിക്ക് അല്പം മുൻപ് രാഷ്ട്രപതിയായ ഫക്രുദ്ദീൻ അലി അഹ്‌മദിന്റെ ഉത്തരവിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലക്ഷ്മിനാരായണന്‍ തമിഴ്നാട് ഡി.ജി.പി.യായിരിക്കെ ഡി.എം.കെ. നേതാവ് എം. കരുണാനിധിയുടെ അറസ്റ്റുണ്ടായി. 1985 ലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.

അഡ്വ ശ്രീജിത്ത് പെരുമന