വഡോദര: ഭക്ഷണം തേടി ക്ഷേത്രത്തിലെത്തിയ മുതലയെ ആരാധിച്ച് നാട്ടുകാർ. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ഖോദിയാർ മാതാ ക്ഷേത്രത്തിലാണ് ഈ സംഭവം. ക്ഷേത്രത്തിൽ കുടുങ്ങിയ മുതല ദെെവത്തിന്റെ സാന്നിധ്യമാണെന്ന് പറഞ്ഞാണ് നാട്ടുകാർ അതിനെ ആരാധിക്കാൻ തുടങ്ങിയത്. തുടർന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മുതലയെ രക്ഷിക്കാൻ കുറെ കഷ്ടപ്പെടേണ്ടി വന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് മുതല ക്ഷേത്രത്തിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞതോടെ മറ്റ് ജില്ലകളിൽ നിന്നും പോലും നിരവധി ഭക്തന്മാരാണ് സ്ഥലത്തെത്തിയത്. മുതല കുടുങ്ങിയ വിവരം അറിഞ്ഞ് അതിന്റെ രക്ഷിക്കാൻ എത്തിയ വനംവകുപ്പ് അധികൃതരെ നാട്ടുകാർ തടയുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ വാഹനം മുതലയാണെന്ന് ഐതിഹ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുതലയ്‌ക്ക് ദെെവസാന്നിധ്യമുണ്ടെന്നും ദെെവമാണ് മുതലയെ പറഞ്ഞയച്ചതെന്നും നാട്ടുകാർ വിശ്വസിച്ചു.
ഭക്ഷണം തേടിയാണ് മുതല കരയിലെത്തിയത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അടുത്തായിരുന്നു മുതല കുടുങ്ങിക്കിടന്നത്. മഹിസാഗർ വനുവകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്റർ ആർ.എം പാർമറിന്റെ നേതൃത്വത്തിലുള്ള സംഘം മുതലയെ രക്ഷപ്പെടുത്താന്‍ വേണ്ടി എത്തുകയും തുടർന്ന് നാട്ടുകാർ തടയുകയും ചെയ്തു. രണ്ട് മണിക്കൂറോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാരുമായി ചർച്ച നടത്തുകയും മുതലയെ രക്ഷപ്പെടുത്താൻ അനുമതി നൽകുകയുമായിരുന്നു. പ്രദേശത്ത് മുതല ഇടയ്ക്കിടെ കരയിലേക്ക് വരാറുണ്ടെന്നും പ്രതിവർഷം 30-35 മുതലകളെ രക്ഷപ്പെടുത്താറുണ്ടെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.