ടൊറന്റോ: ഉറങ്ങിപ്പോയ യുവതി ഞെട്ടി ഉണർന്നപ്പോൾ വിമാനത്തിൽ ഒറ്റയ്ക്ക്. ഈ മാസം ആദ്യം കാനഡയിലെ ടൊറാന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടിഫാനി ആദംസ് എന്ന യാത്രക്കാരിയെ വിളിച്ചുണർത്താൻ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ളവർ മറന്നതാണ് ഇങ്ങനൊരു ദുരനുഭവം ഉണ്ടാകാൻ കാരണമായത്.
എയർ കാനഡയിൽ ക്യൂബെക്കിൽ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി യാത്രാമധ്യേ ഉറങ്ങിപ്പോയി. ടൊറന്റോയിലെത്തിയിട്ടും യുവതി എഴുന്നേറ്റില്ല. എന്നാൽ യുവതിയെ വിളിച്ചുണർത്താൻ ജീവനക്കാർ മറന്നുപോയി, യാത്രക്കാരും യുവതിയെ ശ്രദ്ധിച്ചില്ല. കുറച്ച് സമയത്തിന് ശേഷം ഉറക്കമുണർന്നപ്പോൾ ചുറ്റും കൂരിരുട്ടായിരുന്നു.
ആദ്യം സ്വപ്‌നമാണെന്നായിരുന്നു ടിഫാനിയുടെ ധാരണ. കുറച്ച് സമയത്തിന് ശേഷമാണ് വിമാനത്തിൽ താൻ മാത്രമേയുള്ളുവെന്ന യാഥാർത്ഥ്യം യുവതി തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളെ വിളിക്കാൻ ശ്രമിച്ചെങ്കിലും ചാർജില്ലാത്തതിനാൽ ഫോൺ സ്വിച്ച് ഓഫ്. ചാർജ് ചെയ്യാൻ നോക്കിയെങ്കിലും വിമാനത്തിൽ വൈദ്യുതിയും ഇല്ല.
കൂരിരുട്ടിൽ തപ്പി നടന്നപ്പോൾ കോക്പിറ്റിൽ നിന്ന് ഒരു ടോർച്ച് ലഭിച്ചു. ടോർച്ചിന്റെ വെട്ടത്തിൽ വിമാനത്തിന്റെ വാതിലിനടുത്തെത്തി ബലമായി തുറന്നു. എന്നാൽ അമ്പതടിയോളം ഉയരത്തിൽ നിന്ന് താഴേക്ക് ചാടാൻ യുവതിക്ക് ഭയമായി. ഒടുവിൽ ടോർച്ചടിച്ച് ജീവനക്കാരെ അറിയിക്കാൻ ശ്രമിച്ചു. ശ്രമം വിജയിച്ചു. വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരനെത്തി യുവതിയെ രക്ഷിച്ചു. ഈ സംഭവത്തിൽ എയർ കാനഡ ടിഫാനിയോട് മാപ്പ് ചോദിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.