വായന എന്നത് കുട്ടിക്കാലം മുതൽക്കേ ശീലമാക്കേണ്ട പ്രധാനപ്പെട്ട ഒരു ശീലമാണ്. വായനകളിലൂടെ മാത്രമേ മനുഷ്യൻ ബുദ്ധി വികാസം സാധ്യമാകൂ എന്ന് പണ്ടുമുതൽക്കേ പറയുന്ന ഒരു വസ്തുതയാണ്. കുട്ടികൾക്ക് വായനാ ശീലം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധചെലുത്തുകയും വേണം. ഈസോപ്പു കഥകളും പഞ്ചതന്ത്രവും രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ളവ അഞ്ചു മുതൽ പത്തുവയസുവരെയുള്ള കുട്ടികളുടെ വായനയ്ക്ക് നല്ലതാണെന്ന് വിലയിരുത്തുന്നുണ്ട്.
മാനവിക മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങൾ നിർബന്ധമായും വായിച്ച് കൊടുക്കുകയോ വായിക്കാൻ ശീലിപ്പിക്കുകയോ ചെയ്യണം. ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ അവർക്ക് ആസ്വാദകരമാവുന്ന തരത്തിൽ മാതാപിതാക്കൾ വായിച്ച് കൊടുക്കേണ്ട്. അമ്മ സ്നേഹത്തോടെ കഥകൾ പറഞ്ഞ് കേൾപ്പിച്ചാൽ അത് കുഞ്ഞുങ്ങളുടെ മനസിൽ തങ്ങി നിൽക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ മാർക്ക് ട്വയിൻ രചിച്ച ദ അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ, ജൂൾസ് വെർണയുടെ ജേർണി ടു ദ സെന്റർ ഓഫ് ദ എർത്ത്, സോമർസെറ്റ് മോമിന്റെ ചെറുകഥകൾ തുടങ്ങിയവ 10 മുതൽ 15 വരെയുള്ള പ്രായക്കാർക്ക് വായിക്കാനാണ് നല്ലത്.