ജംഷഡ്പൂർ: ബെെക്ക് മോഷ്ടിച്ചു എന്നാരോപിച്ച് കെട്ടിയിട്ട് ദാരുണമായി മർദ്ദിച്ച യുവാവിന് ദാരുണാന്ത്യം. ആൾക്കൂട്ടം ഏഴുമണിക്കൂർ തുടർച്ചയായി മർദ്ദച്ചവശനാക്കിയ ജാർഖണ്ഡ് സ്വദേശി ഷാംസ് തബ്രേസ്(24) ആണ് കൊല്ലപ്പെട്ടത്. മർദ്ദിക്കുന്നതിനോടൊപ്പം ജയ് ശ്രീറാം ജയ് ഹനുമാൻ തുടങ്ങിയവ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ജംഷഡ്പൂരിൽ നിന്നും സെരായ്കേലയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഗ്രാമത്തിൽ നിന്ന് കാണാതായ ബെെക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. സുഹൃത്തുമായി ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോൾ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ടത്തെ കണ്ട സുഹൃത്ത് ഒാടിയൊളിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ യുവാവിനെ ബുധനാഴ്ച രാവിലെയോടെ ആൾക്കൂട്ടം പൊലീസിൽ കൈമാറി.
പൊലീസ് സ്റ്റേഷനിലെത്തിയ തബ്രോസിന് വീണ്ടും മർദ്ദനമേറ്റതായും റിപ്പോർട്ടുണ്ട്. ലാത്തിയടിയേറ്റ പാടുകൾ തബ്രേസിന്റെ ശരീരത്തിൽ ഉണ്ടെന്നും കുടുംബാംഗങ്ങൾ പറയുന്നു. മാത്രമല്ല കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. തബ്രോസിനെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ആരോഗ്യനില മോശമായതോടെ സദർ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും തബ്രേസിന്റെ ജീവൻ രക്ഷിക്കാനായില്ല. മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് പപ്പു മാൻഡൽ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.