mayawati

ന്യൂഡൽഹി: ദേശീയ തലത്തിൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുമെന്ന സൂചനകൾക്കിടെ പരസ്പരം തെറ്റിപ്പിരിഞ്ഞ് സമാജ്‌വാദ് പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും. അഖിലേഷ് യാദവിന്റെ എസ്.പിയുമായി നിലവിലുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ബി.എസ്.പി നേതാവ് മായാവതിയാണ് അറിയിച്ചത്. എന്നാൽ ബി.ജെ.പിക്ക് എതിരായ പോരാട്ടം താൻ നിറുത്തില്ലെന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ട് കാലത്തെ ശത്രുത മറന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചെങ്കിലും ബി.ജെ.പിയെ തോൽപ്പിക്കാൻ എസ്.പി പോരെന്ന തിരിച്ചറിവാണ് മഹാസഖ്യം അവസാനിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മായാവതി കൂട്ടിച്ചേർത്തു. കഴിഞ്ഞ കാലങ്ങളിൽ സമാജ്‌വാദി പാർട്ടി സ്വീകരിച്ച ദളിത് വിരുദ്ധ നയങ്ങളും വർഷങ്ങൾ നീണ്ട ശത്രുതയും പൊതുതാത്പര്യത്തിന് വേണ്ടിയാണ് മറന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്.പി സ്വീകരിച്ച നിലപാടുകൾ ബി.ജെ.പിയെ തോൽപ്പിക്കാൻ പോന്നതാണോ എന്ന് സംശയമുണ്ട്. അതുകൊണ്ട് പാർട്ടിയുടെ നന്മയ്‌ക്കും മുന്നോട്ടുള്ള പോരാട്ടത്തിനും വേണ്ടി സഖ്യം വേണ്ടെന്ന് വയ്‌ക്കുകയാണെന്നും അവർ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്നെ വിളിക്കുകയോ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുകയോ ചെയ്യാതിരുന്ന അഖിലേഷ് യാദവിനെ കഴിഞ്ഞ ദിവസം മായാവതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അഖിലേഷ്, പിന്നാക്ക വിഭാഗങ്ങളുടെയും മുസ്‌ലിങ്ങളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്നും മായാവതി ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന 11 ഉപതിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പരമ്പരാഗത എസ്.സി - എസ്.ടി വോട്ട് ബാങ്ക് നിലനിറുത്തുന്നതിന് വേണ്ടിയാണ് മായാവതിയുടെ ഇപ്പോഴത്തെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എസ്.പി - ബി.എസ്.പി സഖ്യം തികഞ്ഞ പരാജയമായിരുന്നുവെന്നും മായാവതി കരുതുന്നു. നേരത്തെ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലും ഫുൽപൂരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന് വിജയിക്കാനായെങ്കിലും ഇത്തവണ യു.പിയിലെ ആകെ 80 സീറ്റുകളിൽ 15 എണ്ണം സ്വന്തമാക്കാനേ കഴിഞ്ഞുള്ളൂ. അഖിലേഷ് യാദവുമായി കൂട്ടുകൂടിയത് വലിയൊരു വിഭാഗം ദളിത് വിഭാഗങ്ങളുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇതിന് പുറമെ ദളിതുകളുമായി കൂട്ടുകൂടിയത് സമാജ്‌വാദി പാർട്ടിയെ പിന്തുണയ്‌ക്കുന്ന യാദവ വിഭാഗത്തിന്റെ വോട്ടും നഷ്‌ടമാക്കിയെന്നും ബി.എസ്.പി വിലയിരുത്തുന്നു.