തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷനാണെന്ന് ആവർത്തിച്ച് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫെെൻ. ബിനോയ്ക്കെതിരായി ശക്തമായ തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധ്യക്ഷയുടെ പ്രസ്താവന. യുവതി പരാതി നൽകിയാൽ ആ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജോസഫെെൻ കൂട്ടിച്ചേർത്തു.
തെറ്റ് ചെയ്തവൻ എന്തായാലും ശിക്ഷ അനുഭവിക്കുമെന്നാണ് തന്റെ അഭിപ്രായം. ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്നും ജോസഫെെൻ പറഞ്ഞു. ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്‌ച വിധി പറയും. കേസിൽ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കേസ് പരിഗണിക്കുന്ന ജഡ്‌ജി അവധിയായതിനാലാണ് മുംബയ് ദിൻഡോഷി സെഷൻസ് കോടതിയുടെ ഉത്തരവ് വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. അതേസമയം കേസിൽ ചോദ്യം ചെയ്യുന്നതിനായി ബിനോയിയെ കസ്‌റ്റഡിയിൽ എടുക്കണമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ബിനോയ്ക്കെതിരെ തെളിവുകൾ ശക്തമാണ്. കുഞ്ഞിന്റെ അച്ഛൻ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും നേരത്തെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷനാണെന്ന് ആവർത്തിക്കുകയാണ് ചെയ്തത്.