ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രൂപപ്പെട്ട എസ്.പി - ബി.എസ്.പി സഖ്യം പിളർന്നു. ഇനിയുള്ള ചെറുതും വലുതുമായ എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ മായാവതി ട്വിറ്ററിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്ത ബി.എസ്.പി ഉന്നതാധികാര സമിതി യോഗത്തിലാണ് ബന്ധം അവസാനിപ്പിക്കാനുള്ള അന്തിമ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയും ബി.ജെ.പിയെ പരാജയപ്പെടുത്താൻ എസ്.പി മതിയാകില്ലെന്ന വിലയിരുത്തലുമാണ് ബന്ധം അവസാനിപ്പിക്കാൻ കാരണമെന്ന് മായാവതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം എസ്.പി നേതാവ് അഖിലേഷ് യാദവ് തന്നെ ഫോണിൽ വിളിക്കാൻ പോലും തയ്യാറായില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
2012-17 കാലത്ത് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരവധി ദളിത് വിരുദ്ധ നടപടികൾ കൈക്കൊണ്ടു. അതെല്ലാം മറന്നത് രാജ്യത്തിന്റെ താത്പര്യം മുൻനിറുത്തിയാണെന്നും മായാവതി പറയുന്നു. എസ്.പി നേതാക്കളുടെ ബി.ജെ.പിയോടുള്ള സമീപനവും ബി.എസ്.പി ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. മുലായം സിംഗ് യാദവ് ബി.ജെ.പി ഏജന്റാണെന്ന് മായാവതി നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ 25 വർഷം നീണ്ട രാഷ്ട്രീയ ശത്രുത മറന്നാണ് ഇരുപാർട്ടികളും ചേർന്ന് കഴിഞ്ഞവർഷം മഹാസഖ്യമുണ്ടാക്കിയത്. അതേസമയം, സഖ്യം കൊണ്ടു നേട്ടമുണ്ടായത് ബി.എസ്.പിക്കാണെന്നാണ് സമാജ്വാദി പാർട്ടിയുടെ നിലപാട്. 2014ൽ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ലെങ്കിൽ ഇത്തവണ പത്ത് സീറ്റ് കിട്ടിയെന്നും എസ്.പിക്ക് അഞ്ച് സീറ്റിൽ തന്നെ ഒതുങ്ങേണ്ടിവന്നെന്നും എസ്.പി കുറ്റപ്പെടുത്തുന്നു. ബി.എസ്.പിയുടെ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചില്ലെന്നും എസ്.പിക്ക് പരാതിയുണ്ട്. യു.പിയിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ 11 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഈ മാസം ആദ്യം മായാവതി പറഞ്ഞിരുന്നു.
പിരിഞ്ഞു, ഒന്നിച്ചു, വീണ്ടും തകർന്നു
എസ്.പിയുമായി ഇതിനു മുൻപ് മായാവതി കൈകോർത്തത് 1993ലാണ്. യു.പിയിൽ ബി.ജെ.പിയെ പുറത്താക്കാനുള്ള ഐക്യത്തിനായി ആയിരുന്നു അത്. എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ ആ സഖ്യം തകർന്നു. 1995ൽ മായാവതിയെ എസ്.പി പ്രവർത്തകർ സംസ്ഥാന ഗസ്റ്റ് ഹൗസിൽ ആക്രമിച്ചതാണു വേർപിരിയലിൽ കലാശിച്ചത്. യു.പി രാഷ്ട്രീയത്തിൽ ഇത് ‘ഗസ്റ്റ് ഹൗസ് സംഭവം’ എന്നാണറിയപ്പെടുന്നത്.
''പ്രധാനമന്ത്രിയാകണമെന്ന സ്വപ്നം തകർന്നതിനാലാണ് മായാവതി മഹാസഖ്യം ഉപേക്ഷിച്ചു പോകുന്നത്.
പ്രധാനമന്ത്രിയാക്കാൻ സഹായിക്കുന്ന പാർട്ടിക്കൊപ്പം മാത്രമേ മായാവതി നിൽക്കുകയുള്ളൂ." -ഡിംപിൾ യാദവ് (ട്വിറ്റർ), അഖിലേഷിന്റെ ഭാര്യ