prajavedhika

ന്യൂഡൽഹി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം പൊളിച്ചുനീക്കാൻ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉത്തരവിട്ടു. നായിഡുവിന്റെ വസതിയോട് ചേർന്ന് നിർമ്മിച്ച പ്രജാവേദിക എന്ന കെട്ടിടമാണ് പൊളിച്ചുനീക്കാൻ നിർദ്ദേശിച്ചത്. 2017ൽ അഞ്ച് കോടി രൂപ മുടക്കി ടി.ഡി.പി നിർമ്മിച്ച കെട്ടിടമാണിത്. പാർട്ടിയുടെ പൊതുസമ്മേളനങ്ങൾ, മുഖ്യമന്ത്രിയായിരുന്നപ്പോൾ നായിഡുവിന്റെ പത്രസമ്മേളനങ്ങൾ തുടങ്ങിയവയൊക്കെ നടത്തിയിരുന്നത് പ്രജാവേദികയിൽ വച്ചായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാൻ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് നിലവിൽ പ്രതിപക്ഷ നേതാവായ നായിഡു മുഖ്യമന്ത്രി ജഗൻമോഹന് കത്തുനൽകിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളൊന്നും ജഗൻമോഹൻ പരിഗണിച്ചില്ല. മുഖ്യമന്ത്രിയായിരുന്നപ്പോൾ നായിഡു താമസിച്ചിരുന്ന കൃഷ്ണ നദിയുടെ തീരത്തുള്ള വീടും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നു റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രിയായതിനുശേഷം ജില്ലാ കളക്ടർമാരുമായി നടത്തിയ ജഗൻമോഹന്റെ ആദ്യ കൂടിക്കാഴ്ച പ്രജാവേദികയിൽ വച്ചായിരുന്നു. ഈ സമ്മേളനത്തിൽവച്ചുതന്നെ, കെട്ടിടം നിയമവിരുദ്ധമാണെന്നും ഇവിടെവച്ചുനടക്കുന്ന അവസാന ചടങ്ങായിരിക്കും ഇതെന്നും ജഗൻമോഹൻ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രജാവേദികയ്ക്കെതിരായ നടപടി സ്വാഭാവികമാണെന്നും ഒരു സാധാരണക്കാരനായിരുന്നു അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചതെങ്കിൽ പൊളിച്ചുനീക്കുമായിരുന്നല്ലോ എന്നുമായിരുന്നു ഇതേക്കുറിച്ച് ജഗൻമോഹൻ റെഡ്ഡിയുടെ പ്രതികരണം. ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണ്.- ജഗൻമോഹൻ പറഞ്ഞു.