മുംബയ്: ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നൽകിയ യുവതിയുമായി ബിനോയിയും അമ്മ വിനോദിനിയും ചർച്ച നടത്തിയത് മുംബയിലെ തന്റെ ഓഫീസിൽ വച്ചാണെന്ന് മദ്ധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ.പി. ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. ഏപ്രിൽ 18ന് വിനോദിനിയും 29ന് ബിനോയിയും ചർച്ചയ്‍ക്കെത്തിയെന്നും ശ്രീജിത്ത് വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.
ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതിയുടേതെന്നായിരുന്നു, മകനെതിരെയുള്ള പീഡനപരാതിയിൽ കോടിയേരിയുടെ പ്രതികരണം. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നെയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നും അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നുമാണ് ബിനോയ് പറഞ്ഞത്. യുവതിയുടെ കുഞ്ഞ് തന്റേതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മദ്ധ്യസ്ഥ ചർച്ചയിൽ പറഞ്ഞിരുന്നു. കുഞ്ഞ് ബിനോയിയുടേതാണെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബിനോയ് വൈകാരികമായി പ്രതികരിക്കുകയായിരുന്നു. തുടർന്ന് മദ്ധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നെന്നും ശ്രീജിത്ത് പറഞ്ഞു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും ശ്രീജിത്ത് പറയുന്നു.