ന്യൂഡൽഹി: വ്യോമസേനാ കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോൺഗ്രസിന്റെ ലോക്സഭയിലെ നേതാവ് ആദിർ രഞ്ജൻ ചൗധരി. ലോക്സഭയിലാണ് ആദിർ ഈ ആവശ്യം ഉന്നയിച്ചത്. അഭിനന്ദൻ കാട്ടിയ ധീരതയ്ക്ക് ആദരങ്ങളും അവാർഡുകളും നൽകണമെന്നും ആദിർ ലോക്സഭയോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 27നാണ് അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ പിടിയിലാകുന്നത്. ബാലാകോട്ട് ആക്രമണത്തിന് പകരമായി പ്രത്യാക്രമണം നടത്തിയ പാകിസ്ഥാന്റെ ഫൈറ്റർ ജെറ്റുകളുടെ ആക്രമണത്തെ ചെറുക്കുന്നതിനിടെയായിരുന്നു അഭിനന്ദന്റെ മിഗ് 21 വിമാനം തകർക്കപ്പെട്ടത്. തുടർന്ന് അഭിനന്ദൻ പാകിസ്ഥാൻ സേനയുടെ പിടിയിലായി. തുടർന്ന് ഇന്ത്യയുടെ ശക്തമായ സമ്മർദ്ദം മൂലം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടു നൽകുകാൻ തീരുമാനിക്കുകയായിരുന്നു.
അഭിനന്ദൻ കാട്ടിയ ധീരതയോടൊപ്പം അദ്ദേഹത്തിന്റെ പ്രത്യേകരീതിയിലുള കൊമ്പൻ മീശയും അൽപ്പസമയം കൊണ്ടുതന്നെ ജനശ്രദ്ധ നേടി. 'അഭിനന്ദൻ കട്ട്' എന്നപേരിലും 'ഗൺസ്ലിങ്ങർ മീശ' എന്ന പേരിലും പ്രശസ്തമായ ഈ മീശ അനുകരിച്ചുകൊണ്ട് അധികം താമസിയാതെ നിരവധി ആളുകൾ രംഗത്തെത്തി.
'അമുൽ' ഉൾപ്പെടെ നിരവധി പേരുകേട്ട ബിസിനസ് ബ്രാൻഡുകളും അഭിനന്ദന്റെ മീശ വിഷയമാക്കി പരസ്യം ചെയ്യുകയും പരസ്യങ്ങൾക്ക് വൻ ജനശ്രദ്ധ ലഭിക്കുകയും ചെയ്തു. എന്നാൽ, ലോകകപ്പിന്റെ സമയത്ത് അഭിനന്ദനെയും അദ്ദേഹത്തിന്റെ മീശയെയും പരിഹസിച്ചുകൊണ്ട് പാകിസ്ഥാനിൽ പ്രക്ഷേപണം ചെയ്ത പരസ്യങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി.