k-rajan-

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ ഒടുവിൽ സി.പി.ഐ തീരുമാനിച്ചുകാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഒല്ലൂർ എം.എൽ.എ കെ.രാജനെ നിർദ്ദേശിക്കാനും ഇന്ന് ചേർന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഇ.പി. ജയരാജന്റെ മന്ത്രിസഭ പുനഃപ്രവേശനത്തിന് പകരമായി സി.പി.എം വാഗ്ദാനം ചെയ്ത ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നതിൽ സി.പി.ഐ നേരത്തെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പ്രളയത്തിന് പിന്നാലെ ചീഫ് വിപ്പ് പദവി ഏറ്റെടുക്കാനുള്ള നീക്കം വിവാദമായിരുന്നു.

ഇ.പി ജയരാജന്റെ രാജിയെ തുടർന്ന് എം.എം.മണി മന്ത്രിസഭയിൽ എത്തിയിരുന്നു. മണിയെ നിലനിർത്തിക്കൊണ്ടുതന്നെ ജയരാജനെ സി.പി.എം മടക്കി കൊണ്ടുവന്നപ്പോൾ മന്ത്രിസഭയിൽ സി.പി.എം മന്ത്രിമാരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.ഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി മുന്നണിയിൽ വാഗ്‌ദാനം ചെയ്തത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അധിക ചെലവ് വരുമെന്നതിനാലാണ് സി.പി.ഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ പ്രളയം വന്നിട്ട് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് സി.പി.ഐ തീരുമാനം തിരുത്തുന്നത്. ചീഫ് വിപ്പ് പദവി കൂടി ഏറ്റെടുക്കുന്നതോടെ സി.പി.ഐക്ക് കാബിനറ്റ് പദവികൾ ആറാകും. നിലവിൽ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് സി.പി.ഐയിൽ നിന്നുള്ളത്.