messi

അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ

പോർട്ടോ അലെഗ്രെ: ലാസ്റ്റ് ബെൽ അടിച്ചിട്ട് ക്ലാസിൽക്കയറുന്ന സമീപകാലത്തെ പതിവ് ഇത്തവണയും അർജന്റീന തെറ്റിച്ചില്ല. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി അർജന്റീന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്‌സരത്തിൽ പരാഗ്വെ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയോട് തോറ്റതാണ് മെസിക്കും സംഘത്തിനും അനുഗ്രഹമായത്. ഈ മത്സരത്തിൽ പരാഗ്വെ ജയിച്ചിരുന്നെങ്കിൽ ഖത്തറിനെതിരെ ജയം നേടിയെങ്കിലും പുറത്തായേനെ.ഗ്രൂപ്പ് ബിയിൽ നിന്ന് ഒന്ന് വീതം വിജയവും സമനിലയും തോൽവിയുമായാണ് അർജന്റീന ക്വാർട്ടറിൽ എത്തിയത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ വെനിസ്വേലയാണ് അർജന്റീനയുടെ എതിരാളികൾ.

ഇന്നലെ 32-ാം പിറന്നാൾ ആഘോഷിച്ച ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ ജീവന്മരണ പോരാട്ടത്തിനാണ് അർജന്റീന പോർട്ടോ അലെഗ്രെയിൽ അരീന ഡു ഗ്രാമിയോയിൽ ഇറങ്ങിയത്. ലൗട്ടാരോ മാർട്ടിനസും സെർജിയോ അഗ്യൂറോയുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്.

മത്സരത്തിന്റെ നാലാം മിനിട്ടിൽത്തന്നെ ഖത്തർ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് മാർട്ടിനസ് അർജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തു. ഗോൾ വഴങ്ങിയെങ്കിലും പതറാതെ പൊരുതിയ ഖത്തർ പലതവണ അർജന്റീനയുടെ പ്രതിരോധം പൊളിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് വിനയാവുകയായിരുന്നു. മത്സരം അവസാനിക്കാറാകവെ 82-ാം മിനിറ്രിലാണ് പകരക്കാരനായിറങ്ങിയ ഡിബാലയുടെ പാസിൽ നിന്ന് അഗ്യൂറോ തകർപ്പനൊരു വലങ്കാലൻ ഫിനിഷിംഗിലൂടെ അർജന്റീനയുടെ വിജയമുറപ്പിച്ച രണ്ടാം ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ഗുസ്താവോ കീല്ലർ 31-ാം മിനിട്ടിൽ നേടിയ ഗോളിലാണ് കൊളംബിയ പരാഗ്വെയെ കീഴടക്കിയത്. മൂന്ന് മത്സരങ്ങളും ജയിച്ച കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യൻമാർ.

32-ാം പിറന്നാൾ

ഇന്നലെ ലയണൽ മെസിയുടെ 32-ാം പിറന്നാൾ ദിനമായിരുന്നു.

ലോകമെമ്പാടുമുള്ള പ്രമുഖർ താരത്തിന് ആശംസകൾ നേർന്നു

1 വീതം ജയവും സമനിലയും തോൽവിയുമായാണ് ഗ്രൂപ്പ് ബിയിൽ നിന്ന് അർജന്റീന ക്വാർട്ടറിൽ എത്തിയത്.

ക്വാർട്ടർ

അർജന്റീന - വെനിസ്വേല

(വെള്ളിയാഴ്ച രാത്രി 12.30 മുതൽ)