icc

സതാംപ്‌ടൺ: ലോകകപ്പിൽ ആശ്വാസ ജയം തേടിയിറങ്ങുന്ന അഫ്ഗാനിസ്ഥാന് 263 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖുറിന്റെയും ഷാക്കിബിന്റെയും അര്‍ദ്ധ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 262 റൺസെടുത്തു. ഷാക്കിബ് 51 റൺസിനും മുഷ്‌ഫീഖുർ 83 റൺസിനും പുറത്തായി. അഫ്‌ഗാനായി മുജീബ് ഉർ റഹ്‌മാൻ മൂന്നും നൈബ് രണ്ടും വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് അഞ്ചാം ഓവറിൽ ലിറ്റണെ നഷ്ടപ്പെട്ടു. മുജീബ് ഉർ റഹ്‌മാനായിരുന്നു വിക്കറ്റ് . ഷാക്കിബിനൊപ്പം തമീം ഇക്‌ബാൽ സ്‌കോർ ഉയർത്തിയെങ്കിലും 17-ാം ഓവറിൽ മുഹമ്മദ് നബി ബ്രേക്ക് ത്രൂ നല്‍കി. 53 പന്തിൽ 36 റൺസെടുത്ത തമീം ബൗൾഡാവുകയായിരുന്നു.

അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ ഷാക്കിബ് പുറത്തായി. 69 പന്തിൽ 51 റൺസെടുത്തു. സൗമ്യ സർക്കാറും (3) മുജീബിന് മുന്നിൽ കീഴടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച മുഷ്‌ഫീഖുറും മഹമുദുള്ളയും ബംഗ്ലാദേശിനെ 41-ാം ഓവറിൽ 200 കടത്തി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മുഷ്‌ഫീഖുർ 49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ദൗലത്ത് പുറത്താക്കി . 87 പന്തിൽ മുഷ്‌ഫീഖുർ 83 റൺസെടുത്തത്. ഇന്നിംഗ്‌സിലെ അവസാന പന്തിൽ മൊസദേക്ക് ഹുസൈനെ(35) നൈബ് ബൗള്‍ഡാക്കി. സൈഫുദ്ധീന്‍(2) പുറത്താകാതെ നിന്നു.