കൊച്ചി : സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയിലെ ഒഴിവുകൾ നികത്തുന്നത് ഹൈക്കോടതികൾ നിരീക്ഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനോടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോടും സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
പൊലീസ് സേനയിലെ ഒഴിവു നികത്തണമെന്നും പൊലീസിനു മതിയായ പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ട് മനീഷ് കുമാർ നൽകിയ ഹർജിയിൽ മാർച്ച് 11 നാണ് ഹൈക്കോടതികളോട് വിഷയം പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. തുടർന്ന് പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാർ, ഡി.ജി.പി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ആഭ്യന്തര സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കി. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലമനുസരിച്ച് കേരളത്തിൽ 19 പൊലീസ് ജില്ലകളും ഏഴ് ഫീഡർ ബറ്റാലിയനുകളുംഉണ്ട്. ബറ്റാലിയനിൽ നിന്നുള്ളവർക്ക് സ്ഥലം മാറ്റം നൽകിയും സീനിയോറിട്ടി പ്രകാരം പ്രൊമോഷൻ നൽകിയുമാണ് ഒഴിവുകൾ നികത്തുന്നത്. എൻട്രി കേഡറിൽ ബറ്റാലിയനുകളിലേക്കാണ് പി.എസ്.സി മുഖേന നിയമനം നടത്തുന്നത്. എസ്.ഐ റിക്രൂട്ട്മെന്റും പി.എസ്.സി മുഖേന നടത്തുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.