തിരുവനന്തപുരം: താൻ സഹായിക്കില്ലെന്ന് ബിനോയിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് ബിനോയിയുടെ അച്ഛനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണൻ. സ്വയം വരുത്തിവച്ച പ്രശ്നങ്ങൾക്ക് സ്വന്തമായി തന്നെ പരിഹാരം കണ്ടെത്തണമെന്നും ബിനോയിയോട് പറഞ്ഞു. കേസിന്റെ തുടക്കത്തിലാണ് താൻ ബിനോയ് വിഷയത്തെ കുറിച്ച് അറിഞ്ഞതെന്നും, മാദ്ധ്യമവാർത്തയിൽ കൂടെയാണ് ഈ വിഷയം ആദ്യം താൻ അറിഞ്ഞതെന്ന ആരോപണം തെറ്റാണെന്നും കോടിയേരി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ബിനോയ് കോടിയേരിയുടെ പീഡന വിവാദം കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. മകനെ താൻ യാതൊരു വിധത്തിലും സഹായിച്ചിട്ടില്ലെന്നും കോടിയേരി സംസ്ഥാന കമ്മിറ്റിയിൽ ആവർത്തിച്ചു. ഈ വിഷയത്തെ കുറിച്ച് തനിക്ക് നേരത്തെ യാതൊരു അറിവുമില്ലായിരുന്നുവെന്നും കോടിയേരി കമ്മിറ്റിയിൽ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നേരത്തെ തന്നെ കോടിയേരി ഈ വിഷയം റിപ്പോർട്ട് ചെയ്തിരുന്നു.
സമിതി അവസാനിക്കുവാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് കോടിയേരി ഈ വിഷയം റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടുതന്നെ വിഷയത്തിൽ കാര്യമായ ചർച്ചകൾ നടന്നില്ല. തിരഞ്ഞെടുപ്പ് അവലോകനത്തിന് മാത്രമായാണ് സമിതി ചേർന്നിരുന്നത്. മുൻപെങ്ങും ഇല്ലാത്ത വിധം ബിനോയ് വിഷയം ചർച്ച ചെയ്യാൻ കോടിയേരി തയാറാകുകയായിരുന്നു. കോടിയേരി, ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ പാർട്ടി കീഴ്ഘടകങ്ങളിലും ഈ വിഷയം ചർച്ച ചെയ്യേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്.