ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ധീരതയ്ക്കുള്ള അവാർഡിന് പരിഗണിക്കണമെന്നും അഭിനന്ദന്റെ മീശ ദേശീയ മീശയാക്കി പ്രഖ്യാപിക്കണമെന്നും കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ബീഹാറിലെ കുട്ടികളുടെ മരണമുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ അധീർ രൂക്ഷ വിമർശനവും ഉന്നയിച്ചു.
ടു ജിയിലും കൽക്കരിപ്പാട അഴിമതിയിലും ഉൾപ്പെട്ട ആരെയെങ്കിലും പിടികൂടാനായോ? അഴിമതിക്കാരെന്ന് നിങ്ങൾ വിളിച്ച സോണിയാഗാന്ധിയെയും രാഹുലിനെയും അഴികൾക്കുള്ളിലാക്കാൻ കഴിഞ്ഞോ? എന്ന ചോദ്യങ്ങളുന്നയിച്ച ചൗധരി അവരെ കള്ളന്മാരെന്ന് വിളിച്ചാണ് നിങ്ങൾ അധികാരത്തിൽ വന്നതെന്നും ബി.ജെ.പി സർക്കാരിനെ കുറ്റപ്പെടുത്തി. കള്ളന്മാരാണെങ്കിൽ അവർക്കെങ്ങനെയാണ് പാർലമെന്റിൽ ഇരിക്കാനാവുന്നതെന്നും ചൗധരി ലോക്‌സഭയിൽ ചോദിച്ചു.