kodiyeri

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടേ പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഇടനിലക്കാരെ നിശ്ചയിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയിക്കായി ഇടപെടൽ നടത്തിയിട്ടില്ലെന്നും കോടിയേരി അറിയിച്ചു. വിവാദത്തെക്കുറിച്ച് സംസ്ഥാന സമിതിയിൽ വിശദീകരിച്ചുവെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അഡ്വക്കേറ്റ് ശ്രീജിത്തിനെ നേരത്തെ പരിചയമുണ്ടെന്ന് വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. ഇയാൾ ആർക്കൊപ്പമാണെന്ന് ഇപ്പോൾ പറയുന്നില്ല. ഭാര്യ വിനോദിനി ഇയാളുമായി സംസാരിച്ചതായും കോടിയേരി സ്ഥിരീകരിച്ചു.

അമ്മയെന്ന നിലയിലാണ് വിനോദിനി ശ്രീജിത്തുമായി സംസാരിച്ചതെന്ന് കോടിയേരി വ്യക്തമാക്കി. എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ഇതേ പറ്റി ചോദിച്ചപ്പോൾ ബിനോയ് എല്ലാം നിഷേധിച്ചുവെന്ന് പറഞ്ഞ കോടിയേരി രേഖകൾ വ്യാജമാണെന്നാണ് ബിനോയ് പറഞ്ഞതെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിനോയ് എവിടെയാണെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഇക്കാര്യം നിങ്ങൾക്ക് അന്വേഷിക്കാമെന്നും മാദ്ധ്യമപ്രവർത്തകരോട് കോടിയേരി പറ‍ഞ്ഞു.

മകൻ ദുബായിയിൽ കെട്ടിട നിർമ്മാണ ബിസിനസ് നടത്തുകയായിരുന്നു, പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായത്. കോടികൾ കൊടുക്കാനുണ്ടായിരുന്നെങ്കിൽ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.