തിരുവനന്തപുരം: പ്രവാസി മലയാളി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണൻ. സംഭവത്തിൽ വീഴ്ചയുണ്ടായത് ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണെന്നും മുനിസിപ്പാലിറ്റി സെക്രട്ടറിമാരുടെ കൈവശമുള്ള അനാവശ്യമായ അധികാരമാണ് നിർമാണ പദ്ധതികൾക്ക് കാലതാമസം നേരിടുന്നതിന് കാരണമാകുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ചെയർപേഴ്‌സന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സണ് കെട്ടിടനിർമ്മാണത്തിന് ലൈസൻസ് കൊടുക്കാൻ അധികാരമില്ലെന്നും സെക്രട്ടറിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമാണ് അതിന് അധികാരമുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. മറ്റ് കാര്യങ്ങളിൽ ചെയർപേഴ്‌സന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു. സാജന്റെ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും കോടിയേരി പറയുന്നു.
ഇതിനിടെ പി.കെ ശ്യാമളയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പി. ജയരാജനെ ഉപയോഗിച്ച് സി.പി.എമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപോകില്ലെന്നാണ് പിണറായി നിയമസഭയിൽ പറഞ്ഞത്. നിർമ്മാണ സംരംഭത്തിന് അനുമതി നിഷേധിച്ചപ്പോൾ പരാതിയുമായി സി.പി.എം നേതാവ് പി.ജയരാജനെ സാജൻ സമീപിച്ചിരുന്നു. ഇതാണ് ശ്യാമളയ്ക്ക് സാജനോട് വിരോധം വരാൻ കാരണമായത്.