നടൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'ശുഭരാത്രി'യുടെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തു. വമ്പൻ താരനിരയോടൊപ്പമാണ് ദിലീപിന്റെ ഇത്തവണത്തെ വരവ്. അനു സിത്താര, സിദ്ധിഖ്, അജു വർഗീസ്, മണികണ്ഠൻ, സുരാജ് വെഞ്ഞാറമൂട് ഇന്ദ്രൻസ്, നെടുമുടി വേണു, സായ്‌കുമാർ, ഹരീഷ് പേരാടി, എന്നിവർക്കൊപ്പം ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിർഷായും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മികച്ചൊരു ഫാമിലി എന്റർടൈന്മെന്റ് ത്രില്ലറാണ് 'ശുഭരാത്രി' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സമകാലിക സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ശുഭരാത്രി സംവിധാനം ചെയ്‌തിരിക്കുന്നത് വ്യാസൻ കെ.പിയാണ്. 'അയാൾ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിന് ശേഷം വ്യാസൻ സംവിധായക വേഷമണിയുന്ന ചിത്രമാണ് 'ശുഭരാത്രി'. രണ്ട് മിനിട്ടാണ് ട്രെയിലറിന്റെ ദൈർഘ്യം.
കൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് ആണ് അനു സിത്താരയ്ക്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന് ശേഷം വരുന്ന ദിലീപ് ചിത്രം കൂടിയാണ് 'ശുഭരാത്രി'. വ്യാസൻ കെ.പി തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അരോമ മോഹനും എബ്രഹാം മാത്യുവും ചേർന്നാണ്. ആൽബി ആണ് ക്യാമറ. ഹരിനാരായണൻ വരികളെഴുതി ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങളും സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.