ajaypal

ലഖ്നൗ: യു.പിയിലെ അജയ്‌പാൽ ശർമയെന്ന ഐ.പി.എസുകാരനാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ താരം. യുപിയിലെ സിങ്കമെന്നാണ് വിളിപ്പേര് പോലും. ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വെടിവച്ചിട്ടതോടെയാണ് അജയ്‌പാൽ ശർമ താരമായത്. എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നാണ് സമൂഹമാദ്ധ്യമങ്ങൾ വാഴ്ത്തുന്നതെങ്കിലും എൻകൗണ്ടറുകൾ ഒരിക്കലും ആസൂത്രണം ചെയ്യുന്നതല്ല സംഭവിച്ചുപോകുന്നതാണെന്നാണ് അജയ്‌യുടെ അഭിപ്രായം.

ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു രാംപൂരിലെ എസ്.പിയായ അജയ്‌പാൽ പ്രതി നാസിലിന്റെ കാലുകളിൽ മൂന്നുതവണ വെടിയുതിർത്തത്. നാസിലിന്റെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. 2018-ൽ ഗൗതംബുദ്ധ നഗറിലെ ജൂനിയർ പൊലീസുകാർ കൈക്കൂലി വാങ്ങുന്നതു തടയാൻ നടത്തിയ മിന്നൽ പരിശോധനയിലൂടെ ഇതിന് മുമ്പും അജയ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നത് സർക്കാർ പൊലീസിന്റെ സംഘം രൂപീകരിച്ചപ്പോഴും അജയ് തന്നെയായിരുന്നു അതിന്റെ നേതൃനിരയിൽ. അതേസമയം, നിയമവാഴ്ച നടപ്പാക്കേണ്ടത് തോക്കിൻകുഴലിലൂടെയല്ലെന്നും അജയ്‌പാലിനെ പോലെയുള്ള ഉദ്യോഗസ്ഥരെ ആഘോഷിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അഭിപ്രായങ്ങളുണ്ട്.