തിരുവനന്തപുരം: 'പലരും ചെയ്യുന്ന പോലെ ആളെയിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാൽ സമയത്തൊരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവർ തീരുമാനിക്കുമ്പോൾ കാഴ്ചയിൽ പരുക്കന്മാരായ അവരുടെയുള്ളിൽ ഒരച്ഛന്റെ സ്‌നേഹവും കരുതലും ഒക്കെ ഉണർന്നു വന്നിരിക്കാം'- കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കരുതലിനെ ഫേസ്ബുക്കിൽ ഫോട്ടോഗ്രഫറും ചലച്ചിത്രപ്രവർത്തകനുമായ അരുൺ പുനലൂർ ഇങ്ങന കുറിച്ചപ്പോൾ അതേറ്റെടുത്തവർ ധാരാളം
രാത്രി യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന യാത്രക്കാരിക്ക് സഹായികളായ ഡ്രൈവറെയും കണ്ടക്ടറെയും കുറിച്ചുള്ള കുറിപ്പാണ് വൈറലായത്.
കുറിപ്പിന്റെ ചുരുക്കം ഇങ്ങനെ:
''...സീറ്റിൽ ചാഞ്ഞിരുന്നു മെല്ലെ ഒന്ന് മയങ്ങി.. ഉണർന്നു പിന്നെയും മയങ്ങി അങ്ങിനെ പൊക്കോണ്ടിരിക്കുമ്പോ ആരുടെയോ ബാഗ് തട്ടി ഉണർന്നു..ഒരു പെൺകുട്ടി ഇറങ്ങാനായി മുന്നോട്ടു പോകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് മുന്നേ ഉള്ള അൽപ്പം വിജനമായൊരിടത്താണ് അവർക്കിറങ്ങേണ്ടത്.. വണ്ടി നിർത്തി കുട്ടി ഇറങ്ങിക്കഴിഞ്ഞപ്പോ ഡ്രൈവർ ചോദിച്ചു കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ..
ഇല്ല ഇപ്പൊ വരുമെന്നു മറുപടി കിട്ടിയപ്പോ.. ശ്ശോ ഇവിടെത്തും മുന്നേ വിളിക്കണ്ടായിരുന്നോ എന്നു കണ്ടക്ടർ ശാസിച്ചു.. കുട്ടി ഫോണിൽ വിളിക്കുന്നു.. അധികം താമസിച്ചില്ല ആളെത്തി കൂട്ടിക്കൊണ്ടു പോയി അതിനു ശേഷമാണു വണ്ടി എടുത്തത്..
ഞാനപ്പോ മുൻപ് വായിച്ചിട്ടുള്ള ഇത്തരം ചില സംഭവങ്ങൾ ഓർക്കുകയായിരുന്നു..
അൽപ്പം പ്രായമുള്ള, കണ്ടാൽ ഗൗരവപ്രകൃതിക്കാരായ ആ കണ്ടക്ടറും ഡ്രൈവറും ആ നിമിഷങ്ങളിൽ കാണിച്ച ഉത്തരവാദിത്വവും മനുഷ്യത്വവും അവരുടെ മനസിന്റെ നന്മ കാണിച്ചു തന്നു..
ദീർഘദൂര സർവ്വീസുകൾ നടത്തുന്ന സ്വകാര്യ ബസുകളിലെ ജോലിക്കാരുടെ ഭാഗത്തു നിന്നു യാത്രക്കാർക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കൂടി വരികയും അതൊക്കെ വലിയ ചർച്ചകൾക്ക് വഴി വക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതു ഗതാഗത സംവിധാനത്തിലെ ജോലിക്കാർ സ്വയം നവീകരിച്ചു മികച്ച പെരുമാറ്റത്തോടെ ജോലി ചെയ്യാനും,നല്ല സർവ്വീസ് കൊടുത്തു നില മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ തൊട്ടടുത്ത സ്റ്റേറ്റുകളിലെപ്പോലെ ലാഭത്തിലാകാൻ നമ്മുടെ ആന വണ്ടിക്കും കഴിയും..
ജോലി ചെയ്യാതെ ശമ്പളം പറ്റി ഈ പ്രസ്ഥാനത്തെ തകർക്കുന്ന യൂണിയൻ നേതാക്കന്മാരുടെ കുൽസിത പ്രവർത്തികളെ വേരോടെ പിഴുതെറിയാൻ കെൽപ്പുള്ള ഒരു സർക്കാരും വരാൻ പോകുന്നില്ല എന്നത് തന്നെയാണ് കലാകാലങ്ങളായുള്ള ഈ പ്രസ്ഥാനസത്തിന്റെ തകർച്ചക്ക് മൂലകാരണം..
എത്ര നശിച്ചു പോയാലും ഇതുപോലെ പ്രതീക്ഷയുടെ ചില ചെറിയ നാമ്പുകളുണ്ട്... അതുതന്നെ വലിയ കാര്യം...