andhra

വർഷങ്ങൾക്ക് മുൻപ് ജയലളിത തമിഴ്നാട്ടിൽ പ്രാവർത്തികമാക്കിയ കാര്യം ആന്ധ്രയിലും ആവർത്തിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ആന്ധ്ര മുൻമുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ച് പണിത കെട്ടിടം പൊളിച്ചുനീക്കാനാണ് ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് നായിഡു ഉപയോഗിച്ചിരുന്ന പ്രജാവേദിക ഇപ്പോൾ പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ പോലും ജഗൻ തയ്യാറായില്ല. പകരം നിയമാനുസൃതമല്ലാതെ പണിതിരിക്കുന്ന കെട്ടിടം സർക്കാർ പൊളിച്ചുനീക്കുന്നതായി ജഗൻമോഹൻ റെഡ്ഡി വിശദമാക്കി.

ഒരു സാധാരണക്കാരൻ അനുമതി ഇല്ലാതെ നിർമ്മിച്ച കെട്ടിടം നിയമത്തിന്റെ വഴിക്ക് പൊളിച്ചുനീക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുൻപ് കരുണാനിധി പണികഴിപ്പിച്ച പുതിയ സെക്രട്ടേറിയറ്റ് മന്ദിരം അധികാരത്തിലേറിയ ജയലളിത ഒരു രാത്രി കൊണ്ട് സർക്കാർ ആശുപത്രിയാക്കിയിരുന്നു.