jayasankar

ന്യൂഡൽഹി: കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ ഗുജറാത്തിൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കും. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോക്സഭാംഗങ്ങളായതിനെ തുടർന്ന് ഗുജറാത്തിൽ ഒഴിവു വരുന്ന രണ്ടു സീറ്റുകളിലൊന്നിലാണ് ജയശങ്കർ മത്സരിക്കുക. രണ്ടാമത്തെ സീറ്റിൽ ജുഗൽജി മാധുർജി താക്കോർ ആണ് സ്ഥാനാർത്ഥി. രണ്ടുസീറ്റുകളിലും പ്രത്യേകം തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതിനാൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് വിജയിക്കാനാകും. ഇന്നലെയാണ് ജയശങ്കർ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നത്. പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നയതന്ത്ര വിദഗ്ദ്ധനായ ജയശങ്കർ അപ്രതീക്ഷിതമായാണ് മോദി മന്ത്രിസഭയിൽ ഇടംപിടിച്ചത്.