മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരമാണ് മോഹൻലാൽ. എങ്കിലും തന്റെ കോടിക്കണക്കിന് വരുന്ന ആരാധകരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറില്ല. എത്ര ആരാധകർ വന്നാലും മലയാളിയുടെ സ്വന്തം 'ലാലേട്ടൻ' സ്നേഹത്തോടെയും കരുതലോടു കൂടിയുമാണ് പെരുമാറിയിട്ടുള്ളത്. മോഹൻലാലിന്റെ ഈ ശീലത്തിന് തെളിവുമായി എത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്.
350തോളം ആരാധകർ ഒപ്പം ഫോട്ടോയെടുക്കാനായി എത്തിയിട്ടും അവരെയൊന്നും നിരാശരാക്കാതെ, ഒട്ടും മുഷിയാതെ അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് അജു ഇൻസ്റ്റാഗ്രാം വഴി സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇതെങ്ങനെ സാധിക്കുന്നു എന്ന അത്ഭുതപെടുകയാണ് അജു.
'ഫോൺ കോളുകളും മീറ്റിങ്ങുകളും ഷൂട്ടിങ്ങും യാത്രകളും കൊണ്ടാണ് അദ്ദേഹത്തിന്റെ ഒരു ദിവസം തുടങ്ങുന്നത്. ഏറെ വർഷങ്ങളായി അത് അങ്ങനെ തന്നെയാണ്. ഇതിനിടയിൽ തന്റെ പ്രിയപ്പെട്ട ആരാധകരെ കാണാനും, അവർക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊണ്ട് അവരെ സന്തോഷിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നത് തന്നെ ഒരത്ഭുതമാണ്. ആ മോഹിപ്പിക്കുന്ന പുഞ്ചിരിയോട് കൂടി, സൗമ്യനായി നിന്ന്, ഒട്ടും മുഷിയാതെ ഓരോ ആരാധകനൊപ്പവും അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.' അജു പറയുന്നു.
'തികച്ചും മാജിക്കൽ ആണത്. അദ്ദേഹത്തെ ഞാൻ മജീഷ്യൻ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഓരോ ആരാധകനൊപ്പവും അദ്ദേഹം ഫോട്ടോയെടുക്കുന്ന ടൈംലാപ്‌സ് വീഡിയോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. 35 ആരാധകർ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തപ്പോൾ ഞാൻ വീഡിയോ എടുക്കുന്നത് നിർത്തി. എന്നാൽ ഫോട്ടോയെടുക്കാൻ എത്തിയ ആരാധകരുടെ എണ്ണം 350ലും മുകളിലാണ്.' അജു തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.
അജുവിന്റെ പോസ്റ്റിന് നിമിഷനേരം കൊണ്ട് വൻപിച്ച പ്രതികരണം ആരാധകരിൽ നിന്നും ലഭിച്ചു. ആരാധകർക്കൊപ്പം സിനിമാ രംഗത്തെ പ്രമുഖരും മോഹൻലാലിന്റെ സൗമ്യ സൗഭാവത്തെയും ക്ഷമാശീലത്തെയും പുകഴ്ത്തികൊണ്ട് രംഗത്തെത്തി. ഹൈദരാബാദിൽ വച്ചും മോഹൻലാലിനെ കാണാൻ ഇങ്ങനെ നിരവധി ആരാധകർ എത്തിയിരുന്നു എന്നാണ് നടൻ ഉണ്ണി മുകുന്ദൻ അജുവിന്റെ പോസ്റ്റിന് കമന്റായി കുറിച്ചത്. മോഹൻലാലിനെ 'ഇതിഹാസം' എന്ന് നടി ലെനയും വിശേഷിപ്പിച്ചു. 'ലാലേട്ടാ' എന്ന് വിളിച്ചുകൊണ്ട് മോഹൻലാലിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് രചന നാരായണമൂർത്തിയും കമന്റ് ബോക്സിലെത്തി.