madan

ജയ്പൂർ: രാജസ്ഥാനിലെ ബി.ജെ.പി അദ്ധ്യക്ഷനും രാജ്യസഭാംഗവുമായ മദൻ ലാൽ സെയ്നി അന്തരിച്ചു. 75 വയസായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യസഭ പരിപാടികൾ ഇന്നലെ നിറുത്തി വെച്ചു. ശ്വാസകോശത്തിലെ അണുബാധ മൂലം സെയ്നി കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന സെയ്നി ഭാരതീയ കിസാൻ മോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിൽ ശോഭിക്കുന്നതും എം.എൽ.എ ആകുന്നതും. കഴിഞ്ഞ വർഷമാണ് അദ്ദേഹം രാജസ്ഥാനിലെ ബി.ജെ.പി അദ്ധ്യക്ഷനായി സ്ഥാനമേൽക്കുന്നത്. 1990ൽ ഉദയപൂർവതി നിയമസഭ മണ്ഡലത്തിൽ നിന്ന് തന്റെ കന്നിയംഗത്തിൽ തന്നെ വിജയം കൊയ്ത സെയ്നി പിന്നീട് രാജസ്ഥാനിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഇന്ത്യൻ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവർ സായ്നിയുടെ മരണത്തിൽ അനുശോചിച്ചു.