സൗത്താംപ്ടൺ: ഷാക്കിബ് അൽ ഹസന്റെ ആൾ റൗണ്ട് മികവിൽ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് 62 റൺസിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തു. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് ആൾഔട്ടാവുകയായിരുന്നു. 10 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 29 റൺസ് നൽകി 5 വിക്കറ്റ് വീഴ്ത്തിയ ഷാക്കിബാണ് അഫ്ഗാൻ ബാറ്റിംഗ് നിരയെ തകർത്തത്. നേരത്തേ ബാറ്റിംഗിനിറങ്ങിയപ്പോൾ അർദ്ധ സെഞ്ച്വറിയുമായി ബംഗ്ലാദേശ് ഇന്നിംഗ്സിന് നിർണായക സംഭാവന നൽകാനും ഷാക്കിബിനായി.
ബംഗ്ലാദേശുയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ബാറ്റിംഗ് നിരയിൽ നായകൻ ഗുൽബദിൻ നയിബ് (47) സമിയുള്ള ഷൻവാരി (പുറത്താകാതെ 49) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. വെടിക്കെട്ട് വീരൻ മുഹമ്മദ് നബിയെ (0) നിലയുറപ്പിക്കുന്നതിന് മുന്നേ ഷാക്കിബ് അൽ ഹസൻ ക്ലീൻ ബൗൾഡാക്കിയത് ബംഗ്ലാദേശിന് നേട്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് മുഷ്ഫിക്കുർ റഹിമിന്റയും (83), ഷാക്കിബിന്റെയും (51) അർദ്ധ സെഞ്ച്വറികളാണ് തുണയായത്. ലിറ്റൺ ദാസിന്റെ വിക്കറ്രാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. 17 പന്തിൽ 2 ഫോറുൾപ്പെടെ 16 റൺസെടുത്ത ലിറ്റണെ ടീംസ്കോർ 23ൽ വച്ച് 5മത്തെ ഓവറിലെ രണ്ടാം പന്തിൽ മുജീബ് ഹഷ്മത്തുള്ള ഷഹിദിയുടെ കൈയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തമീമും (32) ഷാക്കിബും ബംഗ്ലാദേശിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയ്ക്ക് നബി അഫ്ഗാന് ബ്രേക്ക് ത്രൂ നൽകി. തമീമിനെ ബംഗ്ലാദേശ് സ്കോർ 82ൽ വച്ച് നബി ക്ലീൻബൗൾഡാക്കുകയായിരുന്നു. 59 റൺസ് ഇരുവരും രണ്ടാം വിക്കറ്രിൽ കൂട്ടിച്ചേർത്തു.
മൂന്നാം വിക്കറ്റിൽ മുഷ്ഫിക്കുർ റഹിമിനൊപ്പം 61 റൺസിന്റെ കൂട്ടുകെട്ടുണ്ടായക്കിയ ശേഷമാണ് ഷാക്കിബ് മടങ്ങിയത്. മുജീബിന്റെ പന്തിൽ എൽബി ആയാണ് ഷാക്കിബ് പുറത്തായത്. 69 പന്തിൽ 1 ഫോർ ഉൾപ്പെട്ടതാണ് ഷാക്കിബിന്റെ ഇന്നിംഗ്സ്. സൗമ്യസർക്കാരും (3) മുജീബിന്റെ പന്തിൽ വിക്കറ്രിന് മുന്നിൽ കുടുങ്ങി വന്നപോലെ മടങ്ങി. മഹമ്മദുള്ളയെ (27)നയിബ് നബിയുടെ കൈയിൽ ഒതുക്കി.
പകരമെത്തിയ മൊസദ്ദേക് ഹൊസൈൻ (35) മുഷ്ഫിക്കുറിനൊപ്പം ബംഗ്ലാദേശ് സ്കോറിംഗിന് വേഗം കൂട്ടി. ഇരുവരും ആറാം വിക്കറ്റിൽ 33 പന്തിൽ 44 റൺസ് കൂട്ടിച്ചേർത്തു. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന മുഷ്ഫിക്കുറിനെ നബിയുടെ കൈയിൽ എത്തിച്ച് ദ്വാലത്ത് സദ്രനാണ് ഈ കൂട്ടുകെട്ടിന് ഫുൾസ്റ്രോപ്പിട്ടത്. 87 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെയാണ് മുഷ്ഫിക്കുർ 83 റൺസടിച്ചത്. മൊസദ്ദേക്ക് ഹുസൈൻ 24 പന്തിൽ 4 ഫോറുൾപ്പെടെയാണ് 35 റൺസടിച്ചത്.
ബംഗ്ലാദേശ് ഇന്നിംഗ്സിലെ അവസാന പന്തിൽ മൊസദ്ദേക്കിനെ നയിബ് ക്ലീൻബൗൾഡാക്കി. അഫ്ഗാനിസ്ഥാനായി മുജീബ് മൂന്നും നയിബ് രണ്ടും വിക്കറ്റുകൾവീഴ്ത്തി.
1000 റൺസ് ലോകകപ്പിൽ തികയ്ക്കുന്ന ആദ്യ ബാറ്ര്സ്മാനായി ഷാക്കിബ് അൽഹസൻ. ഇന്നലെ വ്യക്തിഗത സ്കോർ 35ൽ എത്തിയപ്പോഴാണ് ലോകകപ്പിലെ ആയിരം റൺസ് എന്ന സുവർണ നേട്ടം ഷാക്കിബ് സ്വന്തമാക്കിയത്. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന പത്തൊമ്പതാമത്തെ താരമാണ് ഷാക്കിബ്. ലോകകപ്പിൽ നിലവിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരവും ഷാക്കിബാണ്. ഈ ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിൽ അഞ്ചിലും ഷാക്കിബ് അമ്പതിലധികം റൺസ് നേടി.
ലോകകപ്പിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്ര് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരം.
ലോകകപ്പിൽ ഒരു മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും അഞ്ച് വിക്കറ്രും തികയ്ക്കുന്ന രണ്ടാമത്തെ താരം