മൂവാറ്റുപുഴ/തൊടുപുഴ : അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. തൊടുപുഴ അരിക്കുഴ പുതുപ്പെരിയാരം പാലക്കാട്ട് പുത്തൻപുരയിൽ ദീപുവിന്റെ ഭാര്യ രേവതി (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ കോലഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലെ വിവേകാനന്ദ സ്കൂളിൽ യോഗദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നതിന് ക്ളാസിൽ നിന്ന് അസംബ്ളിയിലേക്ക് കൊണ്ടുവരുന്നതിനിടെ പുറത്തുനിന്നെത്തിയ അക്കാഡമിക് ഡയറക്ടർ കൃഷ്ണകുമാർ വർമ്മയുടെ കാർ ഒരു കുട്ടിയുടെ ദേഹത്ത് തട്ടി. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റു കുട്ടികൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയേയും കാറിടിച്ച് വീഴ്ത്തി. രേവതിയുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടത്തിൽ പത്ത് വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റിരുന്നു. ഈ മാസം 6നാണ് രേവതി സ്‌കൂളിൽ മലയാളം അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ഇന്ന് രാവിലെ വിവേകാന്ദ സ്ക്കൂളിലെ പൊതു ദർശനത്തിന് ശേഷം പുതുപ്പെരിയാരത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും. പിറവം മുളക്കുളം മമ്പറത്ത് വിജയന്റെ മകളാണ് രേവതി. ഭർത്താവ് ദീപു വാഴക്കുളത്തെ റസ്റ്റോറന്റ് ജീവനക്കാരനാണ്. മൂന്നുവയസുകാരൻ അദ്വൈത് ഏക മകനാണ്.