തെന്നിന്ത്യയിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ തമന്ന ഭാട്ടിയയുടെ പുതിയ ഫ്ലാറ്റിന്റെ വില 16.60 കോടി രൂപ. മുംബയ് ജൂഹു - വെർസോവ ലിങ്ക് റോഡിലേ ബേവ്യു ഫ്ലാറ്റ് സമുച്ചയത്തിലാണ് തമന്ന റെക്കാഡ് തുകയ്ക്ക് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. 22 നിലകളുള്ള കെട്ടിടത്തിലെ 14-ാം നിലയിലാണ് തമന്നയുടെ ഫ്ളാറ്റ്.
തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മാത്രം ചെലവായതായും റിപ്പോർട്ടുണ്ട്. മോഹവിലയ്ക്ക് തമന്ന ഈ ഫ്ലാറ്റ് സ്വന്തമാക്കിയതിന് പിന്നിലും ഒരു രഹസ്യമുണ്ട്. ഫ്ലാറ്റിനുള്ളിൽ എവിടെനിന്ന് നോക്കിയാലും കടൽ കാണാം എന്നതാണ് തമന്നയെ മോഹിപ്പിച്ചത്.
ഫ്ലാറ്റിന്റെ ഇന്റീരിയറിന് വേണ്ടി മാത്രം ഏകദേശം 2 കോടിയോളം രൂപയും ചെലവാക്കിയിട്ടുണ്ട്. കാർ പാർക്കിംഗിന് വേണ്ടി രണ്ടുസ്ലോട്ടുകളും ഇവർ പ്രത്യേകം വാങ്ങി. തമന്നയുടെ വീടിന്റെ വാർത്തകൾ പ്രചരിക്കുമ്പോഴും താരസുന്ദരി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.