കിലോമീറ്ററുകളോളം, ഒരു ക്ളീനറുടെ പോലും സഹായമില്ലാതെ പായുകയാണ് ഉത്തർ പ്രദേശുകാരി യോഗിത രഘുവംശി. ഒന്നും രണ്ടുമല്ല 19 വർഷമായി യോഗിത തന്റെ തൊഴിൽ ആരംഭിച്ചിട്ട്. അന്നുതൊട്ട് അഞ്ച് ലക്ഷത്തോളം കിലോമീറ്ററാണ് യോഗിത തന്റെ ജോലിക്കായി താണ്ടിയത്. ഓരോ ട്രിപ്പിലും 2500ഓളം കിലോമീറ്റർ. അതും ആണുങ്ങൾ മാത്രം വിഹരിക്കുന്ന ഒരു തൊഴിൽ മേഖലയിൽ. ഏറെ തടസങ്ങൾ തന്റെ മുൻപിൽ ഉണ്ടായിട്ടും കുടുംബത്തെ പോറ്റാനായി അതിനെയെല്ലാം എതിർത്ത് തോൽപിച്ചാണ് യോഗിത മുന്നോട്ട് കുതിക്കുന്നത്.
മഹാരാഷ്ട്രക്കാരിയായ യോഗിത രഘുവംശി നിയമത്തിലും കോമേഴ്സിലും ബിരുദം നേടിയ ആളാണ് . അഭിഭാഷകൻ എന്നു പറഞ്ഞ് ഭോപ്പാലിൽ നിന്നും എത്തിയ ഒരാളാണ് യോഗിതയെ വിവാഹം കഴിച്ചത്. എന്നാൽ സത്യം മനസിലാക്കിയപ്പോൾ ഏറെ വൈകിപ്പോയിരുന്നു. ഭോപ്പാൽ ഹൈ കോടതിയിലെ പ്രമുഖ വക്കീലാണ് താൻ എന്ന് പറഞ്ഞിരുന്ന സ്വന്തം ഭർത്താവ് കോടതിയുടെ പടി പോലും കണ്ടിട്ടില്ല എന്നവർ പിന്നീടാണ് അറിഞ്ഞത്. എങ്കിലും യോഗിത പിടിച്ച് നിന്നു.
2000ത്തിലാണ് യോഗിത ലോറി ഡ്രൈവറായുള്ള തന്റെ തൊഴിലേക്ക് എത്തുന്നത്. എന്നാൽ അതൊരിക്കലും സ്വന്തം തീരുമാനമായിരുന്നില്ല. ഭർത്താവ് മരിച്ചപ്പോൾ യോഗിതയുടെ സ്വത്തുക്കളെല്ലാം ബന്ധുക്കൾ സൂത്രത്തിലൂടെ തട്ടിയെടുത്തു. തന്റെ കുഞ്ഞുങ്ങളെ നോക്കാൻ യാതൊരു വഴിയും മുന്നിൽ തെളിയാതിരുന്നപ്പോഴാണ് യോഗിത ലോറി ഡ്രൈവിങ്ങിൽ സാധ്യത കണ്ടെത്തുന്നത്. നിരന്തരം അദ്ധ്വാനിക്കാനുള്ള മനസും ഒരിക്കലും ഇടറാത്ത ചങ്കൂറ്റവുമാണ് ഈ സ്ത്രീയെ ഇത്രയും ദൂരം എത്തിച്ചത്.
ട്രക്കും, ട്രക്കിൽ ലോഡുമായി യോഗിത കേരളത്തിലേക്കും എത്താറുണ്ട്. പാലക്കാട്ടേക്കാണ് ലോഡ് നിറച്ച ട്രക്കുമായി യോഗിത സ്ഥിരം എത്താറുള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ലോറി ഡ്രൈവർമാർക്ക് സുപരിചിതയാണ് യോഗിത. മാത്രമല്ല നിരവധി കടമ്പകൾ താണ്ടി, ഏറെ നാളായി ഈ മേഖലയിൽ തുടരുന്ന 'ഒറ്റയാനായ' ഇവരെ മറ്റ് ലോറി ഡ്രൈവർമാർ ആരാധനയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കാണുന്നത്. സ്ത്രീസമത്വം എന്നാൽ പ്രസംഗിക്കാനുള്ളത് മാത്രമല്ല, പ്രവർത്തിച്ച് കാണിക്കാൻ കൂടി വേണ്ടിയുള്ളതാണെന്ന് തെളിയിച്ചയാളാണ് യോഗിത രഘുവംശി.