imran

പാരീസ്: ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ പാകിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്)​ പ്രസിഡന്റ് മാർഷ്യൽ ബില്ലിംഗ്സ്ലി. പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ബില്ലിംഗ്സ്ളി ആവർത്തിച്ചു. നൽകിയ അവസരങ്ങളൊന്നും പാകിസ്ഥാൻ ഉപയോഗിച്ചില്ല. ഇതേ സ്ഥിതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ 2019 ഒക്ടോബറിൽ അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

തീവ്രവാദം ഇല്ലാതാക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ മാർഗനിർദ്ദേശങ്ങൾ പാകിസ്ഥാൻ പാലിച്ചിട്ടില്ല. ഫെബ്രുവരിയിലും അവർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്ഷൻ പ്ലാൻ നടപ്പാക്കിയില്ലെങ്കിൽ എഫ്.എ.ടി.എഫ് അടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒക്ടോബറോടുകൂടി പാകിസ്ഥാനിലെ തീവ്രവാദം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സമിതിയിൽ ചൈനയും റഷ്യയും പാകിസ്ഥാന് അനുകൂലമായി രംഗത്തുവന്നിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ പാകിസ്ഥാന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയില്‍ പാകിസ്ഥാനെതിരെ രംഗത്തുവന്നത്.

ആഗോള ഭീകരരായ ഹാഫിസ് സയീദ്, അസ്ഹർ മഹമൂദ് എന്നിവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലെന്നും സമിതി ആരോപിച്ചു.