ap-abdhulakutti

ന്യൂഡൽഹി: എ.പി അബ്‌ദുള്ളകുട്ടി നാളെ ബി.ജെ.പിയിൽ ചേരും. ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ എത്തിയാകും നാളെ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുക. ഇന്ന് ഡൽഹിയിലെത്തിയ അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായും അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും അബ്‌ദുള്ളക്കുട്ടി കണ്ടിരുന്നു. അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും പറഞ്ഞിരുന്നു. ചില നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും വികസന നയത്തിനോടൊപ്പം നിൽക്കുന്നവരെ സ്വീകരിക്കുമെന്നുമാണ് ശ്രീധരൻപിള്ള പറഞ്ഞത്.

മോദിയുടെ വികസന നയങ്ങളെ പുകഴ്ത്തി പറഞ്ഞതിനെ തുടർന്നാണ് അബ്‌ദുള്ളക്കുട്ടി കോൺഗ്രസിന് അനഭിമതനാകുന്നത്. തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. നേരത്തെ തന്നെ അബ്‌ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്‌തിരുന്നു. എന്നാൽ ബി.ജെ.പിയിൽ എത്തിക്കഴിഞ്ഞാൽ അബ്ദുള്ളകുട്ടി കർണാടകത്തിൽ പ്രവർത്തിക്കണോ, അതല്ല കേരളത്തിൽ സജീവമാകണോ എന്നുള്ള കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു.