relation

നല്ല ആരോഗ്യത്തിന് ദിവസം എട്ടുമണിക്കൂറെങ്കിലും ഉറ‌ങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്. വൈകി ഉറങ്ങുന്നതിനെക്കാൾ നേരത്തെ ഉറങ്ങുന്നത് കൊണ്ടും ഗുണങ്ങളുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. സന്താനോത്പാദനത്തിനും നേരത്തെ ഉറങ്ങുന്നത് നല്ലതെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. രാത്രി 10.30ന് മുൻപോ കിടപ്പുമുറിയിലെത്തുന്നവർക്ക് 11.30ന് ശേഷം ഉറങ്ങുന്നവരെ അപേക്ഷിച്ച് നാല് മടങ്ങ് ആരോഗ്യകരമായ ബീജോത്പാദനം നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. ഡെന്മാർക്കിലെ വന്ധ്യതാ ക്ലിനിക്കുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


ഡെന്മാർക്കിലെ ആർഹസ് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം.രാത്രി 11നും 11.30നും ഇടയ്ക്ക് ഉറങ്ങാൻ പോകുന്നവരെക്കാൾ 2.75 മടങ്ങ് ആരോഗ്യകരമായ ബീജം ഇവരിൽ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബീജോത്പാദനം കുറവാണെന്ന് കണ്ടെത്തിയവരോട് കഴിഞ്ഞ ഒരു മാസം ഏതുസമയത്താണ് കിടപ്പുമുറിയിലേക്ക് പോകുന്നതെന്നായിരുന്നു ഗവേഷകർ ചോദിച്ചത്.

രണ്ട് വർഷത്തോളമായി കുഞ്ഞുങ്ങൾക്കായി ശ്രമിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുതലായിരിക്കും ഇത് പ്രത്യുത്പാദനത്തെയും ബാധിക്കുമെന്ന് ഗവേഷക സംഘത്തിലെ പ്രൊഫ. ഹാൻസ് ജേക്കബ് ഇൻഗെർസ്ലേവ് പറഞ്ഞു.

കുട്ടി വേണമെന്നുള്ളവർ നേരത്തെ ഉറങ്ങാൻ പോകണമെന്നും നല്ല ഉറക്കം ലഭിക്കണമെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കിടപ്പറയിൽ പോയി ഇ മെയിലുകൾ അയക്കുകയോ നെറ്റ്ഫ്ലിക്സിൽ സിനിമ കാണുകയോ അങ്ങനെ പലരും പലതരത്തിലായിരിക്കും പെരുമാറുക. പങ്കാളിയുമൊന്നിച്ച് നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് ലൈംഗിക ബാന്ധത്തിനുള്ള സാദ്ധ്യതകൾ വർധിപ്പിക്കും. അതുകൊണ്ടുതന്നെ വിജയസാധ്യതയും കൂടുതലായിരിക്കുമെന്ന് മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റി എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ രാജ് മാത്തൂർ പറഞ്ഞു