cbi-officer

മുസാഫർനഗർ: സി.ബി.ഐ ഓഫീസറായി ചമഞ്ഞ് റെയ്ഡ് നടത്താനെത്തിയെ വീട്ടുജോലിക്കാരനെ നാട്ടുകാർ പൊക്കി. ഉത്തർ പ്രദേശിലാണ് സംഭവം.തനിക്ക് വീട് റെയ്ഡ് ചെയ്യാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 'സി.ബി.ഐ ഓഫീസറായ' ത്രവേന്ദർ കുമാർ ന്യൂ മാൻഡിയിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. സെർച്ച് വാറണ്ടും, സി.ബി.ഐ ഐഡന്റിറ്റി കാർഡുമായി എത്തിയ ഇയാളെ സഹായിക്കാൻ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ നിന്നും രണ്ടു പൊലീസുകാരെ വിട്ടുകൊടുക്കുകയും ചെയ്തു.

പൊലീസുകാരെയും കൊണ്ട് ഇയാൾ നേരെ പോയത് സ്ഥലത്തെ കച്ചവടക്കാരനും സമ്പന്നനുമായ ആദേശ് ഗോയലിന്റെ വീട്ടിലേക്കാണ്. വീട്ടിലെത്തിയ ഇയാൾ ഉടൻ തന്നെ 'റെയ്ഡ്' ആരംഭിച്ചു. ആദ്യമായി ഒരു റെയ്ഡ് നേരിട്ട് കാണാനായി നാട്ടുകാരും വീടിന് ചുറ്റും ഒത്തുകൂടി. എന്നാൽ റെയ്ഡ് പുരോഗമിച്ചപ്പോൾ നാട്ടുകാർക്ക് ഒരു സംശയം.

സി.ബി.ഐക്കാരന്റെ ശബ്ദം എവിടെയോ കേട്ടിട്ടുള്ളത് പോലെ. സമയം പാഴാക്കാതെ നാട്ടുകാരിൽ ഒരാൾ സിഖുകാരന്റെ രൂപത്തിലെത്തിയ സി.ബി.ഐ ഓഫീസറുടെ താടിയിൽ പിടിച്ച് ഒറ്റവലി. താടി ഊർന്നു പോന്നതോടെ ത്രവേന്ദർ കുമാറിന്റെ തനിരൂപം നാട്ടുകാർക്ക് മുന്നിൽ അനാവൃതമായി.

താൻ വീട്ടുജോലിക്കാരനായ വീട്ടിൽ തന്നെ ആൾമാറാട്ടം നടത്തി 'റെയ്ഡി'നെത്തിയെ ത്രവേന്ദറിനെ നാട്ടുകാർ പിന്നെ നിലത്ത് നിർത്തിയില്ല. തല്ലി പതം വരുത്തിയ ശേഷം ത്രവേന്ദറിനെ തൂക്കിയെടുത്ത് പൊലീസിലേൽപ്പിച്ചു. ഏതായാലും കുറച്ച് നാൾ പുറംലോകം കാണാൻ അനുവദിക്കാത്ത വിധം വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചേർത്താണ് ത്രവേന്ദറിനെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.