തിരുവനന്തപുരം: സർക്കാരിന്റെ അഭയം തേടി അഗതിമന്ദിരത്തിലെത്തുന്ന പെൺകുട്ടികളെ കാത്തിരിക്കുന്നത് ലൈംഗിക പീഡനമോ? എതിർത്താൽ എടുത്തെറിയുന്നത് ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്. സ്ത്രീ സുരക്ഷയിൽ സർക്കാർ ഊറ്റം കൊള്ളുമ്പോൾ ഇതൊക്കെ സംഭവിക്കുന്നത് ഭരണസിരാകേന്ദ്രത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള പൂജപ്പുരയിലെ സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള വികലാംഗ വനിതാസദനത്തിൽ!
ഇവിടെ ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന സ്ത്രീകൾ നഗരത്തിൽ നിരന്തരം പീഡനത്തിന് ഇരയാകുന്നുവെന്നാണ് പരാതി. വനിതാസദനത്തോട് ചേർന്നാണ് സാമൂഹ്യനീതിവകുപ്പിന്റെ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതെങ്കിലും അധികൃതർ ഒന്നും കണ്ടതായി നടിക്കുന്നില്ല.
കഴിഞ്ഞമാസം 34 വയസുള്ള ഭിന്നശേഷിക്കാരിയായ യുവതിയെ അഗതിമന്ദിരത്തിലെ താത്കാലിക ജീവനക്കാരി മർദ്ദിച്ച് അവശയാക്കി ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് സർക്കാരിന്റെ തണലിൽ സുരക്ഷിതമായി അന്തിയുറങ്ങുന്നുവെന്ന് പൊതുസമൂഹം വിശ്വസിക്കുന്നവർ അനുഭവിക്കുന്ന ദുരിതം പുറംലോകം അറിയുന്നത്. സംഭവം അറിഞ്ഞ് യുവതിയുടെ സഹോദരൻ, അഗതിമന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലുള്ള ജീവനക്കാരിക്കെതിരെ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് അഗതിമന്ദിരത്തിൽ കോടതി നിയോഗിച്ചിട്ടുള്ള ലീഡൽ അഡ്വൈസറെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ലീഗൽ അഡ്വൈസർ അനിത റിപ്പോർട്ട് ലീഗൽ സർവീസ് അതോറിട്ടിക്ക് നൽകി. തുടർന്ന് അതോറിട്ടി അഭിഭാഷകനെ അന്വേഷണത്തിന് നിയോഗിച്ചു.
കഴിഞ്ഞമാസം 14നായിരുന്നു സംഭവം. സ്വവർഗലൈംഗിക പീഡനത്തിന് ശ്രമിച്ച ജീവനക്കാരിയെ യുവതി പിടിച്ചുമാറ്രിയതാണ് പ്രശ്നത്തിന് കാരണം. ഇനി തന്നെ ഉപദ്രവിച്ചാൽ ബന്ധുക്കളോട് പറയുമെന്ന് യുവതി പറഞ്ഞു. ഇതിൽ പ്രകോപിതയായ ജീവനക്കാരി വടികൊണ്ട് യുവതിയെ മർദ്ദിച്ച് അവശയാക്കിയത്രേ. ശേഷം ഊളമ്പാറയിലേക്ക് മാറ്റിയെന്നാണ് പരാതി. യുവതി പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നതായി ആശുപത്രി അധികൃതരോട് പറയുകയും അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടർമാർ യുവതിയെ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചെങ്കിലും അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദത്തെ തുടർന്ന് അഡ്മിറ്ര് ചെയ്തു.
ഇക്കാര്യം അറിഞ്ഞ സഹോദരൻ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിക്കുകയും യുവതിയെ അഗതിമന്ദിരത്തിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. അഗതിമന്ദിരത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന സാമൂഹ്യ നീതിവകുപ്പ് ജില്ലാ ഓഫീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിക്കാരൻ പറയുന്നു. മുൻ വാർഡ് കൗൺസിലർ കെ. മഹേശ്വരൻ നായർ, പൊതുപ്രവർത്തകരായ എം.ആർ. മനോജ്, മുടവൻമുകൾ സതീഷ് എന്നിവരാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.
വൃത്തിഹീനം, പകർച്ചവ്യാധി ഭീഷണിയും
വനിതാസദനത്തിന് മുന്നിലൂടെയുള്ള മാലിന്യപൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അത് പരിഹരിക്കാൻ ആരും തയ്യാറായിട്ടില്ല. പൊട്ടി ഒഴുകുന്ന മാലിന്യത്തിൽ ചവിട്ടിയാണ് അന്തേവാസികൾ വനിതാസദനത്തിൽ കയറുന്നതും ഇറങ്ങുന്നതും. ഇതിന് സമീപത്തായി ജില്ലാ സാമൂഹ്യനീതി ഓഫീസുണ്ടെങ്കിലും അവിടെയുള്ള ജീവനക്കാർക്ക് ഇത് ബാധകമല്ലാത്തിനാൽ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
പരാതിക്കെട്ടഴിച്ച് അന്തേവാസികൾ
യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തെ കുറിച്ച് ലീഗൽ അഡ്വൈസർ ലീഗൽ സർവീസ് അതോറിട്ടിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതോറിട്ടി അന്വേഷണത്തിന് നിയോഗിച്ച അഭിഭാഷകൻ വനിതാസദനത്തിലുള്ള അന്തേവാസികളുടെ മൊഴിയെടുത്തു. നിരന്തരം തങ്ങൾ ശാരീരിക പീഡനത്തിന് വിധേയരാകുന്നുവെന്നും എതിർത്താൽ ക്രൂരമർദ്ദനം നേരിടേണ്ടിവരുന്നതായും അന്തേവാസികൾ മൊഴിനൽകി. 18നും 40നും ഇടയിലുള്ള 35 പേരാണ് ഇപ്പോൾ ഇവിടെ കഴിയുന്നത്. 20 പേർ സമീപത്തെ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ പഠിക്കുന്നവരാണ്.