തിരുവനന്തപുരം: പുല്ല് വച്ച് പിടിപ്പിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ പച്ചപ്പ് വീണ്ടെടുക്കാൻ വീണ്ടും ശ്രമം തുടങ്ങി. കുണ്ടും കുഴിയുമായി കിടക്കുന്ന സ്റ്റേഡിയം അധികം വൈകാതെ പച്ചപിടിച്ച് സുന്ദരിയാകും. പുല്ലുവച്ചു പിടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബറോടെ പുൽകോർട്ടിൽ കളി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. സ്റ്റേഡിയത്തിലെ മണ്ണ് ഇളക്കിയശേഷം വേറെ മണ്ണു കൂടി ഇട്ട് നിരത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തിയ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. രണ്ടു ദിവസം കഴിഞ്ഞാൽ മണ്ണിനു പുറത്ത് വളമിട്ടു തുടങ്ങും. അതിനു ശേഷം പുല്ല് വച്ചു പിടിപ്പിക്കും.
കൊൽക്കത്തയിൽ നിന്നാണ് പുല്ല് എത്തിക്കുന്നതെന്ന് കരാർ എടുത്തിരിക്കുന്ന സാജു പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പുൽമൈതാനം റെഡിയാകും. പുല്ല് വളർന്ന ശേഷം രണ്ട് തവണ മുറിച്ചൊതുക്കും. അതിന് ശേഷമേ കളികൾ ആരംഭിക്കൂ.
8000 സ്ക്വയർഫീറ്റിലെ കോർട്ടിലാണ് പുല്ലു വച്ചു പിടിപ്പിക്കുന്നത്. 17.5 ലക്ഷം രൂപയാണ് മൈതാനം നവീകരണത്തിനായി ചെലവഴിക്കുന്നത്. ഗ്രൗണ്ട് പരിപാലനത്തിനാവശ്യമായ വെള്ളമാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. ഇത് മറികടക്കുന്നതിന് സ്റ്റേഡിയത്തിൽ അഞ്ച് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ട് മഴവെള്ള സംഭരണികൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്.
നടപ്പിലാകുന്നത് ഏറെക്കാലത്തെ ആവശ്യം
തലസ്ഥാനത്തെ ഫുട്ബാൾ പ്രേമികളുടെ നിരന്തരമായ ആവശ്യമായിരുന്നു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഫുട്ബാൾ ഗ്രൗണ്ട് നവീകരണം. പുല്ല് പിടിപ്പിക്കാത്ത യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമാണ് ജില്ലാ സൂപ്പർ ഡിവിഷനും ജി.വി. രാജ ഫുട്ബാൾ ടൂർണമെന്റും കേരള പ്രിമിയർ ലീഗും നടക്കുന്നത്.
ഗ്രൗണ്ടുകളുടെ പരിതാപകരമായ അവസ്ഥയെ തുടർന്ന് സന്തോഷ്ട്രോഫി പരിശീലന ക്യാമ്പുകൾപോലും ജില്ലയ്ക്ക് നഷ്ടമായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഫുട്ബാൾ മൈതാനം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തതോടെ തലസ്ഥാനത്തേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വരവും മുടങ്ങി. ഈ ഘട്ടത്തിലാണ് ഫുട്ബാൾ പ്രേമികൾക്കായി വീണ്ടും ഗ്രൗണ്ട് മോടിപിടിപ്പിക്കാൻ കേരള പൊലീസ് തയ്യാറായത്.
നാലുവർഷം മുമ്പ് കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനോടനുബന്ധിച്ചായിരുന്നു അവസാനമായി സ്റ്റേഡിയത്തിൽ പുല്ല് വിരിച്ചത്. അന്ന് 11 കോടിയുടെ നിർമാണപ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടന്നത്. എന്നാൽ പിന്നീട് കൃത്യമായ പരിപാലനമില്ലാതെ വന്നതോടെ നട്ടപുല്ലുകളൊക്കെ കരിഞ്ഞു. കേരള പൊലീസിന്റെയും എസ്.ബി.ഐ കേരളയുടെയും ഹോം ഗ്രൗണ്ടാണ് ഇവിടം.
പേരിനു പിന്നിലെ ചരിത്രം
1956 ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തിൽ സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച അന്നത്തെ തിരുവിതാംകൂർ-കൊച്ചിയുടെ ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് ആയിരുന്ന എൻ. ചന്ദ്രശേഖരൻ നായരുടെ പേരാണ് സ്റ്റേഡിയത്തിന് നൽകിയത്. 1948 ആഗസ്റ്റ് 21 മുതൽ തിരുവിതാംകൂറിന്റെയും തുടർന്ന് 1952 മുതൽ തിരുവിതാംകൂർ-കൊച്ചിയുടെയും ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് ആയിരുന്നു അദ്ദേഹം.
കേരള സംസ്ഥാനം രൂപീകരണത്തെ തുടർന്നു കേരളത്തിന്റെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് ആയും ചന്ദ്രശേഖരൻ നായർ സേവനം അനുഷ്ഠിച്ചു. 1956ലാണ് സ്റ്റേഡിയം നിർമിച്ചത്. ചാരിറ്റബിൾ ആക്ട് പ്രകാരം കേരള പൊലീസ് സർവീസ് വെൽഫെയർ സൊസൈറ്റിയുടെ പേരിലാണ് സ്റ്റേഡിയം രജിസ്റ്റർ ചെയ്തിരിക്കുന്നത്.