തിരുവനന്തപുരം: മുട്ടത്തറ സ്വിവറേജ് പ്ലാന്റിലെ മലിനജല കിണർ നിറഞ്ഞൊഴുകുന്നതിന് പരിഹാരമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് വാട്ടർ അതോറിട്ടി. ശനിയാഴ്ച സിറ്റികൗമുദിയിൽ 'നരകവാരിധി നടുവിൽ....:പകർച്ചവ്യാധി ഭീഷണിയുയർത്തി മുട്ടത്തറ സ്വിവറേജ് പ്ളാന്റ്' എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് പ്രശ്നത്തിൽ നിസംഗത വിട്ട് അധികൃതർ ഉണർന്നത്.
എന്നാൽ പഠിച്ചപണിയെല്ലാം പയറ്റിയിട്ടും പരിഹാരം കണ്ടെത്താനാകാതെ ഉഴറുകയാണ് വാട്ടർ അതോറിട്ടി ജീവനക്കാർ.
വാർത്ത പ്രസിദ്ധീകരിച്ചതിനുശേഷം പ്രശ്നപരിഹാരത്തിനായി നടത്തിയ പരാജിത ശ്രമങ്ങൾ ഇതാ.
ആദ്യദിനം -ശനി
വാർത്ത വന്നതോടെ വാട്ടർ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്ലാന്റിൽ അടിയന്തരയോഗം ചേർന്നു. പ്ലാന്റിലേക്കുള്ള പമ്പിംഗ് നിറുത്തിവച്ച് പരിഹരിക്കാൻ വാട്ടർ അതോറിട്ടി അധികൃതർ തീരുമാനിച്ചു. കുര്യാത്തി പമ്പ്ഹൗസിൽ നിന്ന് മുട്ടത്തറ പ്ലാന്റിലേക്ക് മലിനജലം പമ്പ് ചെയ്യുന്നത് രാവിലെ രണ്ട് മണിക്കൂർ നിറുത്തിവച്ചു. എന്നിട്ടും പ്ലാന്റിനുള്ളിലെ മലിനജലത്തിന്റെ ഒഴുക്കിന് ശമനമുണ്ടായില്ല. ഒപ്പം നഗരത്തിലെ പലയിടങ്ങളിലും മാൻഹോളുകളിൽ ചോർച്ചയുണ്ടായി. ഇതോടെ പമ്പിംഗ് വീണ്ടും പുനരാരംഭിക്കേണ്ടിവന്നു. തുടർന്ന് പ്ളാന്റ് വീണ്ടും പഴയപടി ദുസ്ഥിതിയിലായി.
രണ്ടാം ദിനം-ഞായർ
രണ്ട് കിണറുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളും തകരാറിലായതിനാലാണ് മലിനജലം നിറഞ്ഞൊഴുകാൻ കാരണമെന്ന് അധികൃതർ കണ്ടെത്തി. മോട്ടോറുകൾ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. എന്നാൽ മോട്ടോറിന്റെ തകരാറ് പരിഹരിക്കുന്നതിനുള്ള വിദഗ്ദ്ധരെ തമിഴ്നാട്ടിൽ നിന്ന് എത്തിക്കണം.
പ്രശ്നത്തിന് അപ്പോഴും പരിഹാരമായില്ല
മൂന്നാം ദിനം-തിങ്കൾ
മാൻഹോളുകൾ പൊട്ടിയൊഴുകുമെന്ന പ്രശ്നം അവഗണിച്ച് പ്ലാന്റിലേക്കുള്ള മലിനജലം പമ്പ് ചെയ്യൽ പൂർണമായും നിറുത്തിവച്ചു. മോട്ടോർ പ്രശ്നം പരിഹരിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് വിദഗ്ദ്ധരെ എത്തിച്ചു. മോട്ടോറിന്റെ തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.