തിരുവനന്തപുരം: 'അവളിലേക്കുള്ള ദൂരത്തിന്' ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്ത 'എന്നോടൊപ്പം' അന്താരാഷ്ട്ര ഡോക്യമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കും. ശ്രീ തിയേറ്ററിൽ ഉച്ചയ്ക്ക് 12.15നാണ് പ്രദർശനം. ട്രാൻസ് വ്യക്തികളുടെ ജീവിതവും കുടുംബ ജീവിതവും പശ്ചാത്തലമാകുന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം കൂടിയാണ് ഇന്നു നടക്കുക. തലസ്ഥാന നിവാസികളായ ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ, സൂര്യ എന്നിവരുടെയും എറണാകുളം, വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിന്റെയും ജീവിതങ്ങൾ തൊട്ടറിയുന്നതാണ് ഡോക്യുമെന്ററി.
കഴിഞ്ഞ 12 വർഷമായി ഫോട്ടോഗ്രഫിയിലൂടെയും എഴുത്തിലുടെയും ഡോക്യുമെന്ററിയിലൂടെയും ട്രാൻസ് സമൂഹത്തെ പിന്തുടരുന്ന പി. അഭിജിത്ത്, 'എന്നോടൊപ്പ'ത്തിൽ വ്യത്യസ്തമായൊരു പ്രമേയമാണ് അവതരിപ്പിക്കുന്നത്. മാധ്യമം ദിനപത്രത്തിന്റെ എറണാകുളം യൂണിറ്റിൽ സീനിയർ ഫോട്ടോഗ്രാഫർ ആണ് അഭിജിത്ത്. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ അജയ് മധുവാണ് ഛായാഗ്രഹണം. ഡ്രീം ക്യാപ്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. ശോഭില നിർമ്മിച്ച ഡോക്യുമെന്ററിയുടെ എഡിറ്റിംഗ്- അമൽജിത്ത്, സൗണ്ട് മിക്സിംഗ്- ഷൈജു .എം, സബ്ടൈറ്റിൽസ് -അമിയ മീത്തൽ ഡിസൈൻസ്.