തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തിയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം സംവിധാനം ചെയ്ത 101 സ്റ്റേജ് ഷോകളെയും അടിസ്ഥാനമാക്കി ഗുരുക്കൻമാരും സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് നിർമിച്ച ഹ്രസ്വചിത്രം 29ന് പ്രദർശിപ്പിക്കും. വൈകിട്ട് 6.15ന് ടാഗോർ തിയേറ്ററിലാണ് പ്രദർശനം.
സഹപ്രവർത്തകരും ശിഷ്യരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 45 മിനിട്ടാണ്. സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ്, അംജദ് അലിഖാൻ, പത്മാസുബ്രഹ്മണ്യം, മോഹൻലാൽ, മമ്മൂട്ടി, ശോഭന തുടങ്ങി അൻപതോളം കലാകാരൻമാരുടെ പ്രയത്നവും അനുഗ്രഹവുമാണ് ചിത്രത്തിന് പിന്നിലെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ചിത്രത്തിൽ എവിടെയും സൂര്യ കൃഷ്ണമൂർത്തിയോ അദ്ദേഹത്തിന്റെ ശബ്ദമോ പ്രത്യക്ഷപ്പെടുന്നില്ല. പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്ന പ്രത്യേകതയുമുണ്ട്. പ്രദർശനത്തിനുശേഷം സൂര്യ കൃഷ്ണമൂർത്തിയുടെ അഗ്നി എന്ന മെഗാഷോ അരങ്ങേറും. അടുത്തമാസം മുതൽ ചിത്രം യൂട്യൂബിൽ ലഭ്യമാകും.