ശെക്ക ശിവന്തവാനത്തിനു ശേഷം മണിരത്നം രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ ജയറാം സുപ്രധാനമായൊരു വേഷത്തിൽ അഭിനയിക്കുന്നു. മണിരത്നം ചിത്രത്തിൽ ജയറാം ഇതാദ്യമാണ്. താരനിർണയം പൂർത്തിയായി വരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റിൽ തുടങ്ങുമെന്നാണ് അറിവ്.
ഇപ്പോൾ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് ജയറാം. മലയാളത്തിൽ വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച മാർക്കോണി മത്തായിയാണ് ജയറാമിന്റെ അടുത്ത റിലീസ്. ജൂലായ് പന്ത്രണ്ടിനാണ് സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ജൂലായ് 20ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ജയറാം ചിത്രം പട്ടാഭിരാമന്റെ റിലീസ് മാറിയേക്കുമെന്നും സൂചനയുണ്ട്.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഡബ്ബിംഗ് ഇന്നലെ എറണാകുളത്ത് ലാൽ മീഡിയയിൽ പൂർത്തിയായി. തമിഴ് താരം ജെ. പി.യാണ് ഇന്നലെ ഡബ് ചെയ്തത്.
മാർക്കോണി മത്തായിക്കും പട്ടാഭിരാമനും ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ജയറാം കമ്മിറ്റ് ചെയ്തിട്ടില്ല. ഒരുവർഷത്തേക്ക് മലയാളത്തിൽ അഭിനയിക്കുന്നില്ലെന്ന് ജയറാം തീരുമാനമെടുത്തതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.