സിനിമ ചിത്രീകരണ തിരക്കിൽ വീണ്ടും ആലപ്പുഴ ജില്ല. നാലു സിനിമകളുടെ ചിത്രീകരണമാണ് ആലപ്പുഴയിലും പരിസരപ്രദേശത്തുമായി നടക്കുന്നത്.ബിജു മേനോന്റെ ആദ്യ രാത്രി, കാളിദാസ് ജയറാമിന്റെ ഹാപ്പി സർദാർ, നീരജ് മാധവിന്റെ ഗൗതമന്റെ രഥം, വിനയ് ഫോർട്ടിന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ സിനിമകളുടെ ചിത്രീകരണമാണ് ആലപ്പുഴയിലും പരിസര പ്രദേശത്തുമായി നടക്കുന്നത്.
വെള്ളിമൂങ്ങയ്ക്കുശേഷം ബിജു മേനോനും സംവിധായകൻ ജിബു ജേക്കബും ഒന്നിക്കുന്ന ആദ്യ രാത്രിയുടെ ചിത്രീകരണം ഇപ്പോൾ കൃഷ്ണപുരത്തിനു സമീപം ഒരു വീട്ടിലാണ് നടക്കുന്നത്.ബിജു മേനോൻ കല്യാണ ബ്രോക്കറായി എത്തുന്ന സിനിമയിൽ അനശ്വര രാജനാണ് നായിക.മനോജ് ഗിന്നസ്, അജു വർഗീസ്, വിജയരാഘവൻ, സർജാനോ ഖാലിദ്, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ.ഷാരീസും ജെബിനും ചേർന്ന് തിരക്കഥ എഴുതുന്ന സിനിമ സെൻട്രൽ പിക്ചേഴ്സ് നിർമ്മിക്കുന്നു.
കാളിദാസ് ജയറാം പ്രധാന വേഷത്തിൽ എത്തുന്ന ഹാപ്പി സർദാറിന്റെ ചിത്രീകരണം ആലപ്പുഴ ഗുജറാത്തി സ്കൂളിലാണ് നടക്കുന്നത്. കാളിദാസ് ജയറാം, ബാലു വർഗീസ്, സിനിൽ സൈനുദ്ദീൻ എന്നിവരായിരുന്നു ഇന്നലത്തെ അഭിനേതാക്കൾ. പത്തുദിവസം ആലപ്പുഴയിൽ ചിത്രീകരണം ഉണ്ടാകും.ഇതിനുശേഷം പാല രാമപുരത്തിന് ഷിഫ്ട് ചെയ്യും.ഇതോടെ ചിത്രീകരണം പൂർത്തിയാകും.സുദീപും ഗീതികയും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ ഹസീബ് ഹനീഫാണ് നിർമ്മിക്കുന്നത്. പൂമരം സിനിമയിലൂടെ ശ്രദ്ധേയയായ മെറിൻ ഫിലിപ്പാണ് ഹാപ്പി സർദാറിലെ നായിക.ശാന്തി കൃഷ്ണ, പ്രവീണ, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം ഗോപി സുന്ദർ.
നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗൗതമന്റെ രഥം ചേർത്തലയിലും പരിസരപ്രദേശത്തുമായാണ് ചിത്രീകരിക്കുന്നത്.നീരജ് മാധവിനൊപ്പം നാനോ കാറും പ്രധാന വേഷത്തിൽ എത്തുന്നു.ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എഴുപുന്നയിൽ പുരോഗമിക്കുന്നു.ടിനിടോം, സ്രിൻഡ, അനുമോൾ, മധുപാൽ, അലൻസിയർ, അരുൺ കുര്യൻ, സുനിൽ സുഖദ, ബാലാജി ശർമ്മ, മാല പാർവതി, അംബിക മോഹൻ എന്നിവരാണ് മറ്റു താരങ്ങൾ. സ് പൈർ പ്രൊഡ ക് ഷൻസിന്റെ ബാനറിൽ സഞ്ജു എസ്.ഉണ്ണിത്താൻ നിർമ്മിക്കുന്ന സിനിമയുടെ കാമറ ജോമോൻ തോമസാണ്.ജാക്ക് ആൻഡ് ജിൽ, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്നീ സിനിമകൾ മാസങ്ങൾക്ക് മുമ്പാണ് ആലപ്പുഴയിൽ ചിത്രീകരിച്ചത്.