ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാകിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന്റെ അനുഭവം തുറന്ന് പറഞ്ഞ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് വ്യോമസേനാ പൈലറ്റുമാർ. സ്വന്തം കുടുംബക്കാരെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് പാകിസ്ഥാനെതിരെയുള്ള ദൗത്യത്തിൽ പങ്കെടുത്തതതെന്നും 90 സെക്കൻഡിനുള്ളിൽ ആക്രമണം അവസാനിപ്പിച്ച് തങ്ങൾ പാക് അതിർത്തിയിൽ നിന്ന് മടങ്ങിയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവർ വ്യക്തമാക്കി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി 14ന് കാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരമായി ഫെബ്രുവരി 26നാണ് വ്യോമസേനയുടെ രണ്ട് മിറാഷ് 2000 വിമാനങ്ങൾ അതിർത്തി കടന്ന് ബോംബാക്രമണം നടത്തിയത്.
പുൽവാമ ആക്രമണത്തിന് ശേഷം ഒരു പ്രത്യാക്രമണം ഉണ്ടാകുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്ന് പൈലറ്റുമാർ പറയുന്നു. എന്നാൽ ഏത് രീതിയിലാണ് പ്രത്യാക്രമണമെന്ന് ആർക്കും അറിയുമായിരുന്നില്ല. ഏത് രീതിയിലാണ് പ്രത്യാക്രമണം നടക്കുകയെന്നതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ചിലയിടത്ത് പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും കേട്ടു. എന്നാൽ ഫെബ്രുവരി 25ന് നാല് മണിയോടെ മിറാഷ് വിമാനങ്ങളിൽ സ്‌പൈസ് 2000 ബോംബ് ലോഡ് ചെയ്‌തു. എവിടെയാണ് ആക്രമണം നടത്തേണ്ടതെന്ന കാര്യവും മിസൈലിൽ രേഖപ്പെടുത്തി. ആക്രമണത്തിന് തയ്യാറെടുക്കുന്നത് സഹപ്രവർത്തകരെപ്പോലും അറിയിക്കാതിരിക്കാൻ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഏതാണ്ട് രണ്ടര മണിക്കൂർ നേരത്തെ സമയമെടുത്താണ് മുഴുവൻ ഓപ്പറേഷനും പൂർത്തിയാക്കിയത്. എന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി. ഇങ്ങനെയൊരു മിഷനെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഭയങ്കര ടെൻഷൻ തോന്നിയിരുന്നു. ദൗത്യത്തിന് ഇറങ്ങുന്നതിന് മുമ്പ് നിരവധി സിഗരറ്റുകൾ താൻ വലിച്ച് കൂട്ടിയതായും ഒരു സ്‌ക്വാഡ്രൺ ലീഡർ വ്യക്തമാക്കി. ആക്രമണത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുമോ എന്നായിരുന്നു എല്ലാവരുടെയും ഉത്കണ്‌ഠ. പാകിസ്ഥാന്റെ റഡാറുകളിൽ പെടരുതെന്ന് തങ്ങൾക്ക് പ്രത്യേക നിർദ്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിന് മുമ്പ് ഒരു പാകിസ്ഥാനി പോർവിമാനം തങ്ങൾക്ക് നേരെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഉടൻ തന്നെ ബോംബുകൾ വർഷിച്ച് തങ്ങൾ മടങ്ങി.
ഇസ്രായേലിൽ നിന്നും വാങ്ങിയ സ്‌പൈസ് 2000 ബോംബുകളാണ് ജെയ്‌ഷെ ഭീകരകേന്ദ്രത്തിൽ നിക്ഷേപിച്ചത്. 'ഫയർ ആൻഡ് ഫർഗറ്റ്' വിഭാഗത്തിൽ പെടുന്ന ആയുധമാണിത്. ഒരിക്കൽ വിക്ഷേപിച്ചാൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി ഇടിച്ചിറങ്ങി സ്‌ഫോടനം നടത്താൻ കഴിയുന്ന രീതിയിലാണ് ബോംബിന്റെ ഡിസൈൻ. അതിനാൽ തന്നെ ജെയ്‌ഷ് കേന്ദ്രത്തിൽ ബോംബ് കനത്ത നാശം വിതച്ചുവെന്ന് ഉറപ്പാണ്. നിയന്ത്രണ രേഖയിൽ നിന്ന് ഏതാണ്ട് എട്ട് കിലോമീറ്ററോളം അകത്ത് കടന്നാണ് ആക്രമണം നടത്തി തിരിച്ചുവന്നത്. പിറ്റേന്ന് ആക്രമണത്തിന്റെ വാർത്ത പത്രങ്ങളിൽ കണ്ടപ്പോൾ ഭാര്യ ഇതിനെപ്പറ്റി ചോദിച്ചു. ആക്രമണത്തിൽ പങ്കെടുത്തവരിൽ താനും ഉണ്ടായിരുന്നോ എന്നാണ് ഭാര്യയ്‌ക്ക് അറിയേണ്ടിയിരുന്നത്. താൻ ഒന്നും മിണ്ടാതെ സുഖമായുറങ്ങിയെന്നും പൈലറ്റ് വ്യക്തമാക്കി.