ആലുവ: ഓൺലൈൻ വിപണിയുടെ സാധ്യത പ്രയോജനപ്പെടുത്താൻ ആലുവ കുടുംബശ്രീ യൂണിറ്റുകളും നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രമുഖ ഓൺലൈൻ മാർക്കറ്റായ ആമസോണിലൂടെ കുടുംബശ്രീയംഗങ്ങൾ നിർമ്മിച്ച വിവിധ തരം മാലകൾ, ചെറിയ ഫാൻസി ബാഗുകൾ, പേപ്പർ കവറുകൾ എന്നിവ വിൽക്കുന്നതിനുള്ള അനുമതിയാണ് തേടുന്നത്.
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമായി അമസോൺ വെബ്‌സൈറ്റിൽ ആമസോൺ സഹേലി എന്ന പേരിൽ പുതിയ വിഭാഗം ആരംഭിച്ചിട്ടുണ്ട്.
വനിതകളുടെ ഉത്പന്നങ്ങളാണ് ഓൺലൈൻ വഴി വിൽക്കുന്നത്. അയൽക്കൂട്ടങ്ങൾ വഴി വീടുകൾ തോറും വിൽപ്പനയ്‌ക്കെത്തിയിരുന്ന കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ലോകത്തെവിടെയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പരിഗണിക്കപ്പെടുന്ന നൂറ്റമ്പതോളം വിഭാഗങ്ങളിൽ ആലുവയിലെ കുടുംബശ്രീ ഉത്പപന്നങ്ങളും ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണെന്ന് സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭ ഓസ്വിൻ പറഞ്ഞു.