വർക്കല : തീരദേശ മേഖലയായ വെട്ടൂർ ഗ്രാമപഞ്ചായത്തിലെ കാക്കക്കുഴി നിവാസികൾ കണ്ണുംനട്ട് കാത്തിരിക്കുകയാണ്. ചിരകാലാഭിലാഷമായ കുടിവെള്ള പദ്ധതി യഥാർത്ഥ്യമാകുന്നതും കാത്ത്. 'കാക്കക്കുഴി കുടിവെള്ള പദ്ധതി' തീരദേശത്തിന്റെ ദാഹമകറ്റുമെന്ന പ്രതീക്ഷയിലാണിവർ. പക്ഷേ, പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഗണപതികല്യാണം പോലെ നീണ്ടുപോകുകയാണ്.
ജലദൗർലഭ്യം ഓരോ വർഷവും നേരിടുന്ന പഞ്ചായത്തുകളിലൊന്നാണ് വെട്ടൂർ. അതിന് പരിഹാരമാകേണ്ട പദ്ധതിയാണ് ഇപ്പോഴും പൂർത്തിയാകാത്തത്. ഈ പദ്ധതി പ്രാവർത്തികമായാൽ തീരമേഖലയായ വെട്ടൂരിലെയും അഞ്ചുതെങ്ങിലെയും വിവിധ പ്രദേശങ്ങളിൽ കുടിവെളള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. വർക്കല മേഖലയിലെ കാലഹരണപ്പെട്ട കുടിവെളള പദ്ധതികളിൽ വീണ്ടും നടപ്പാക്കാനാകുമെന്ന് പ്രതീക്ഷയുളള പദ്ധതിയാണ് കാക്കക്കുഴി. 50 വർഷം പഴക്കമുള്ള പദ്ധതി 2016ലാണ് പുനരുജ്ജീവിപ്പിക്കാനുളള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഓവർഹെഡ് ടാങ്ക് നിർമ്മാണം അടുത്തകാലത്ത് പൂർത്തിയാക്കി. വിളബ്ഭാഗം പ്ലാവഴികത്തിന് സമീപം പഴയ പദ്ധതിയുടെ അനുബന്ധമായിരുന്ന ഭൂതല സംഭരണി പൊളിച്ചു മാറ്റി അതേ സ്ഥലത്താണ് ഓവർഹെഡ് ടാങ്ക് നിർമ്മിച്ചത്. ഇനി പഴയ പദ്ധതിയുടെ കിണർ നവീകരിക്കുകയും പുതിയൊരു കിണർ നിർമ്മിക്കുകയും വേണം.
മൈക്രോഫിൽറ്റർ സ്ഥാപിച്ച് വെളളം ശുദ്ധീകരിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത്. ജല അതോറിട്ടിയുടെ വാസ്കോൺ വിംഗ് നടത്തിിയ പരിശോധനയിൽ വേനൽകാലത്ത് ജലനിരപ്പ് താഴുമ്പോൾ പദ്ധതിയുടെ കിണറ്റിൽ ഉപ്പ് വെളളം കയറാനുളള സാദ്ധ്യതയും കണ്ടിരുന്നു. വാമനപുരം പദ്ധതിയിൽ നിന്നുളള വെളളം ടാങ്കിലെത്തിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രായോഗികമല്ലെന്ന് കണ്ട് പുതിയ കിണർ നിർമ്മിക്കുവാനും തീരുമാനിച്ചു. അടുത്ത വേനൽകാലത്തിന് മുമ്പെങ്കിലും പദ്ധതി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരനൂറ്റാണ്ട് പഴക്കമുള്ള പദ്ധതി
റൂറൽ വാട്ടർ സപ്ലൈ സ്കീമായ കാക്കക്കുഴി പദ്ധതിക്ക് 50 വർഷത്തിലേറെ പഴക്കമുണ്ട്. പ്ലാവഴികം, റാത്തിക്കൽ, വെട്ടൂർ, വിളബ്ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഇവിടെ നിന്നാണ് കുടിവെളള വിതരണം നടത്തി വന്നിരുന്നത്. ഓരുവെളളം കയറിയതിനെ തുടർന്ന് 25 വർഷം മുമ്പ് പ്രവർത്തനം നിലച്ചു. പദ്ധതിയുടെ കിണർ ഉൾപ്പെടുന്ന സ്ഥലം കാടുകയറുകയും ചിലർ ഈ സ്ഥലം കയ്യേറുകയും ചെയ്തു. 2013ൽ പ്രദേശത്ത് കുടിവെളളക്ഷാമം കിട്ടാക്കനിയായതോടെ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമമുണ്ടായി.
പദ്ധതി ലക്ഷ്യങ്ങൾ
രണ്ട് ദശലക്ഷം ലിറ്റർ വെളളം ശേഖരിച്ച് വെട്ടൂർ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനാണ് ഉദ്ദേശ്യം. 3.56 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. പുനരുദ്ധാരണ പണികൾ ആരംഭിച്ചെങ്കിലും ഇടയ്ക്കിടെ മുടങ്ങുന്നതാണ് കാലതാമസത്തിന് പിന്നിൽ.
കാക്കക്കുഴി പദ്ധതിക്ക് 50 വർഷത്തിലേറെ പഴക്കം
-25 വർഷം മുമ്പ് പദ്ധതിയുടെ പ്രവർത്തനം നിലച്ചത്
-2013ൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം
-2016ൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
-2018ൽ ഓവർഹെഡ് ടാങ്ക് പൂർത്തിയായി
-3.56 കോടിരൂപ ചെലവ്
കാക്കക്കുഴി കുടിവെളളപദ്ധതിയുടെ പുനർനിർമ്മാണ ജോലികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിനുളള നടപടികൾ കൈക്കൊള്ളും.
- അഡ്വ. വി. ജോയി എം.എൽ.എ