ഫോർട്ടുകൊച്ചി: വിദേശവിനോദസഞ്ചാരികൾ എത്തുന്നില്ല.ഫോർട്ടുകൊച്ചിയിൽ മൺസൂൺ ടൂറിസം പാളി. സാധാരണ മൺസൂൺ മാസമായ ജൂണിൽ പൈത്യക നഗരികളായ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും വിദേശികളെ കൊണ്ട് നിറയാറുണ്ട്. ഇത്തവണ മൂന്നാറും മറ്റുമാണ് വിദേശികൾക്ക് ഹരമായത്. പലരുംകോവളം, മൂന്നാർ, ആലപ്പുഴ ഹൗസ് ബോട്ട്, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ചേക്കേറുന്നത്.ആയിരക്കണക്കിന് വിദേശികളുമായെത്തുന്ന ആഡംബരക്കപ്പലുകൾ ഇക്കാലത്ത് എത്തിയതുമില്ല.. മൺസൂൺ ടൂറിസം പൈത്യക നഗരിയിൽ വൻ നിരാശയാണ് ഉണ്ടാക്കിയത്.
വർഷങ്ങൾക്ക് മുൻപ് മുംബയ് ഭീകരാക്രമണം നടന്നകാലംമുതൽ കൊച്ചിയിലേക്ക് വിദേശികളുടെ കുത്തൊഴുക്ക് കുറഞ്ഞു .അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും വിദേശികളെ ഫോർട്ട് കൊച്ചിയിൽ നിന്ന് അകറ്റുന്നുണ്ട്. നാടൻ ഭക്ഷണങ്ങളായ കപ്പ, പോട്ടി, മീൻ കറി, ഇലയട, കടലിലെ മീൻ പൊരിച്ചത്, കല്ലുമ്മക്കായ് ഫ്രൈ എന്നിവ വിൽക്കപ്പെടുന്ന തട്ടുകടകൾക്ക് വിദേശികളുടെ കുറവ് വൻ തിരിച്ചടിയായി .കൂടാതെ സീസൺ മുന്നിൽ കണ്ട് ഹോം സ്റ്റേ മോടിപിടിപ്പിച്ച ഉടമകളും പെരുവഴിയിലായി. പലിശക്ക് പണമെടുത്താണ് പലരും മോടിപിടിപ്പിക്കൽ തകൃതിയായി നടത്തിയത്.കൂടാതെ ഫോർട്ടുകൊച്ചിയിലെ മാലിന്യവും തലവേദനയായി.
അതുപോലെ തന്നെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ കരകൗശലവിൽപ്പനക്കാരും ധർമ്മസങ്കടത്തിലാണ്. ഈ കടകളിൽ വിദേശികളെ എത്തിക്കുന്നതിന് കടക്കാർ ഓട്ടോക്കാർക്ക് 500 രൂപ മുതൽ 1000 രൂപ വരെകമ്മീഷൻ നൽകണം.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയാലും ഇല്ലെങ്കിലും ഇത് നൽകണം. വിദേശികളുടെ കുറവ് ടൂറിസ്റ്റ് ടാക്സി,യൂബർ എന്നീ വാഹന ഉടമകൾക്കും വൻ തിരിച്ചടിയായി. മഴയിൽ ബീച്ചിലെ വാക്ക് വേയിലൂടെയുള്ള നടത്തവും കുട ചൂടിയിരുന്ന് കടലിലെ തിരമാലകളുടെ ഇളക്കവും വിദേശികൾ നന്നേ ആസ്വദിക്കാറുണ്ട്.