തിരുവനന്തപുരം: മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവുമായി കെ.എൻ.എ ഖാദർ നിയമസഭയിൽ. ജനസംഖ്യാടിസ്ഥാനത്തിൽ മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് ശ്രദ്ധ ക്ഷണിക്കലിൽ കെ.എൻ.എ. ഖാദർ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നൽകിയിരുന്നെങ്കിലും മുസ്ലീംലീഗും യു.ഡി.എഫും അനുമതി നൽകാതിരുന്നതിനെ തുടർന്ന് അവസാന നിമിഷം പിന്മാറിയിരുന്നു.
എന്നാൽ ഇത്തവണ യു.ഡി.എഫ്. പച്ചക്കൊടി കാണിച്ചതോടെയാണ് ഖാദർ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നൽകിയത്. ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും.
നേരത്തെ ജില്ലയിലെ പല വേദികളിലും കെ.എൻ.എ. ഖാദർ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്‌തിരുന്നു.