mob

ഹൂഗ്ലി: 'ജയ് ശ്രീറാം' വിളിക്കാത്തതിന് തന്നെ മർദ്ദിക്കുകയും ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിടുകയും ചെയ്തുവെന്ന് ആരോപിച്ച് മദ്രസ അദ്ധ്യാപകൻ. ബംഗാളിലെ കാനിങ്‌, സൗത്ത് 24 പർഗണാസിൽ നിന്നും ഹൂഗ്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴായിരുന്നു തനിക്ക് ഈ അനുഭവം ഉണ്ടായതെന്നാണ് 26കാരനായ ഹഫീസ് മുഹമ്മദ് ഷാരൂഖ് ഹൽദാർ പറയുന്നത്. ട്രെയിനിൽ നിന്നും വീണ ഹഫീസ് നേരിയ പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 'ജയ് ശ്രീറാം' വിളിച്ചുകൊണ്ടെത്തിയ ഒരു സംഘമാണ് ഹഫീസിനെ ആക്രമിച്ചത്. ജൂൺ 20നാണ് സംഭവം നടന്നത്.

എന്നാൽ തിക്കും തിരക്കും മൂലമാണ് ഹഫീസിന് പരിക്ക് സംഭവിച്ചതെന്നാണ് കരുതുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ടോ മൂന്നോ പേർക്കും ഹഫീസിന് സംഭവിച്ചതിന് സമാനമായ രീതിയിൽ പരിക്ക് ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇത്രയും നാളായിട്ടും സംഭവത്തിൽ ഒരാളെ പോലും ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തങ്ങൾ അന്വേഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കാൻ എന്നീ കുറ്റങ്ങൾ ചാർത്തി ഏതാനും പേർക്കെതിരെ ബംഗാളിലെ റെയിൽവേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.